ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുന്നു, മൂടൽമഞ്ഞിൽ വലഞ്ഞ് സംസ്ഥാനങ്ങൾ, വിമാനങ്ങൾ വൈകി

By Web TeamFirst Published Jan 9, 2023, 11:39 AM IST
Highlights

പഞ്ചാബിലെ ചിലയിടങ്ങളിൽ കാഴ്ചാ പരിധി പൂജ്യം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

ദില്ലി : ഉത്തരേന്ത്യയിലെ അതിശൈത്യത്തിൽ മൂടൽമഞ്ഞ് കനക്കുന്നു. പലയിടത്തും കാഴ്ചാപരിധി പൂജ്യം രേഖപ്പെടുത്തി. 267 ട്രെയിനുകള്‍ റദ്ദാക്കി, ദില്ലിയിലിറങ്ങാനിരുന്ന അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാളെ രാത്രിയോടെ ശൈത്യ തരംഗത്തിന്റെ തീവ്രത കുറയുമെന്നാണ്  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ.

ദില്ലി കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് കനക്കുകയാണ്. ഉത്തർ പ്രദേശിലെ ആഗ്രയിലും ലക്നൗവിലും പഞ്ചാബിലെ ഭട്ടിൻഡയിലും കാഴ്ചാ പരിധി പൂജ്യമായി ചുരുങ്ങി. ദില്ലിയിൽ പലയിടങ്ങളിലും കാഴ്ചാപരിധി ഇന്നും 25 മീറ്റർ വരെയായി കുറഞ്ഞതോടെ റോഡ് ഗതാഗതം അവതാളത്തിലായി. റോഡപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃത‌ർ മുന്നറിയിപ്പ് ആവർത്തിച്ചു. 

മൂടൽമഞ്ഞും മോശം കാലാവസ്ഥയും കാരണം ദില്ലിയിലേക്ക് വന്ന അഞ്ച് വിമാനങ്ങളാണ് ഇന്ന് വഴിതിരിച്ചു വിട്ട് ജയ്പൂരിലിറക്കിയത്. ഇന്നലെ രാത്രി മുതൽ ദില്ലി വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന 118 വിമാനങ്ങളും ദില്ലിയിൽ ഇറങ്ങാനിരുന്ന 32 വിമാനങ്ങളും വൈകി. 91 ട്രെയിനുകള്‍ വൈകിയോടുന്നു. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനിലയിൽ നേരിയ വർദ്ദനവ് രേഖപ്പെടുത്തി. 3.8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. അതേസമയം കൊടും തണുപ്പിൽ രാജ്യതലസ്ഥാനത്ത് മലയാളികളടക്കം വലിയ ദുരിതം നേരിടുകയാണ് 

Read More : കൂട്ടിരിപ്പുകാരൻ കൈപിടിച്ചു വലിച്ചു, അസഭ്യം പറഞ്ഞുവെന്ന് മെഡിക്കൽ കോളേജിൽ മർദ്ദനമേറ്റ നഴ്സ് പ്രസീത

click me!