ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പിടിച്ചെടുത്തത് ഒരുലക്ഷം കിലോ ബീഫ്

By Web TeamFirst Published Mar 3, 2020, 10:46 AM IST
Highlights

പിടിച്ചെടുത്ത ബീഫിൽ 73,507 കിലോ സൂറത്തിൽനിന്നും 73 ശതമാനം അഹമ്മദാബാദിൽനിന്നുമാണെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഗാന്ധിനഗര്‍: ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ ഒരുലക്ഷം കിലോ ബീഫ് പിടിച്ചെടുത്തതായി സംസ്ഥാന സർക്കാർ. 2018 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ 1,00,490 കിലോ ബീഫ് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ നിയമസഭയിൽ പറഞ്ഞു. ഇതോടെ, 2017-ൽ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തിന്റെ ഫലപ്രാപ്തിയെ പ്രതിപക്ഷകക്ഷിയായ കോൺ​ഗ്രസ് ചോദ്യം ചെയ്ത് രം​ഗത്തെത്തി.

പിടിച്ചെടുത്ത ബീഫിൽ 73,507 കിലോ സൂറത്തിൽനിന്നും 73 ശതമാനം അഹമ്മദാബാദിൽനിന്നുമാണെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പശു മാസം കടത്തുന്നതിനായി ഉപയോ​ഗിച്ച 3,462 വാഹനങ്ങൾ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വൽസാദ്, നവസാരി ജില്ലകളിൽ നിന്ന് പിടിച്ചെടുത്ത പശു മാംസത്തിന്റെ അളവും പശുകിടാങ്ങളുടെ എണ്ണവും സംബന്ധിച്ച് എം‌എൽ‌എ ജിതുഭായ് ചൗധരി ഉന്നയിച്ച ചോദ്യത്തിന്, പ്രതിപക്ഷം പശുക്കളെ സംരക്ഷിക്കുന്നവരോടൊപ്പമാണോ അതോ ​ഗോവധം അനുകൂലിക്കുന്നവർക്കൊപ്പമാണോ എന്ന് ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ പ്രതികരിച്ചു. പശുക്കടത്തിന് പിടികൂടിയ വാഹനത്തില്‍ പാര്‍ട്ടി ചിഹ്നം പതിച്ചിരുന്നുവെന്ന ആരോപണം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശുക്കളുടെ പേരില്‍ ബിജെപി സര്‍ക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ ആരോപിച്ചു. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമവും നിരോധന നിയമങ്ങളും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നും പാർമർ കുറ്റപ്പെടുത്തി.  
     

click me!