ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയോ ബിഹാറിന്‍റെ അതികായന്‍, പത്താമൂഴത്തില്‍ വെറും 3 മാസം മുഖ്യമന്ത്രി കസേരയില്‍; നിതീഷ് കുമാര്‍ യുഗത്തിന് വിരാമം

Published : Mar 05, 2026, 01:53 PM IST
nitish kumar resigns bihar cm rajya sabha entry jdu politics bihar government leadership change india politics update

Synopsis

റെയില്‍വേ, ഉപരിതല ഗതാഗതം, കൃഷി തുടങ്ങിയ വകുപ്പുകള്‍ മുന്‍പ് കൈകാര്യം ചെയ്ത നിതീഷ് കുമാറിനെ പുതിയ വരവില്‍ അത്തരം നിയോഗങ്ങള്‍ തേടിയെത്തുമോയെന്ന് വ്യക്തമല്ല. ആരോഗ്യ പ്രശ്നങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് വിവരം.

പട്ന: ബിഹാറില്‍ നിതീഷ് കുമാര്‍ യുഗത്തിന് വിരാമം. മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നിതീഷ് കുമാര്‍ തന്നെ സ്ഥിരീകരിച്ചു. രാജ്യസഭയിലും എത്തണമെന്നത് തന്‍റെ സ്വപ്നമായിരുന്നെന്നും, പുതിയ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത പടിയിറക്കത്തില്‍ ജെഡിയു പ്രവര്‍ത്തകര്‍ കടുത്ത രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. നിതീഷ് കുമാറിനെ നീക്കുന്നതിന്‍റെ തിരക്കഥ എവിടെ തയ്യാറാക്കിയെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

'ബിഹാര്‍ ഏല്‍പിച്ച വിശ്വാസത്തിന് നന്ദി, ബിഹാര്‍ ജനതയായിരുന്നു തന്‍റെ കരുത്ത്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും എത്തുകയെന്നത് കൂടി തന്‍റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ രാജ്യസഭയിലേക്ക് എത്താന്‍ അവസരമായിരിക്കുന്നു. തന്‍റെ ആഗ്രഹപ്രകാരം അവിടേക്ക് നീങ്ങുന്നു. പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും. പിന്തുണയുമായി ഒപ്പമുണ്ടാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ കുറിപ്പെന്ന് തോന്നിക്കും വിധമുള്ള വാക്കുകളിലൂടെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താന്‍ ഒഴിയുകയാണെന്ന് കൂടി നിതിഷ് കുമാര്‍ പറഞ്ഞുവയ്ക്കുകയാണ്.

ഇന്ന് തന്നെ നിതീഷ് രാജ്യ സഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അമിത്ഷായുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ രണ്ട് പതിറ്റാണ്ടിനിപ്പുറം ദേശീയ രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാര്‍ എത്തുകയാണ്. റെയില്‍വേ, ഉപരിതല ഗതാഗതം, കൃഷി തുടങ്ങിയ വകുപ്പുകള്‍ മുന്‍പ് കൈകാര്യം ചെയ്ത നിതീഷ് കുമാറിനെ പുതിയ വരവില്‍ അത്തരം നിയോഗങ്ങള്‍ തേടിയെത്തുമോയെന്ന് വ്യക്തമല്ല. ആരോഗ്യ പ്രശ്നങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് വിവരം.

നിതീഷിന്‍റെ മാനസിക നിലയില്‍ തന്നെ സംശയങ്ങളുണര്‍ത്തുന്ന പെരുമാറ്റം ഈ ഊഴത്തിലെ പൊതു ചടങ്ങുകളില്‍ മുഖ്യമന്ത്രിയില്‍ നിന്ന് നിരന്തരം സംഭവിച്ചിരുന്നു. ഭരണത്തില്‍ ശ്രദ്ധയില്ലാതെ, എല്ലാം ഉദ്യോഗസ്ഥരെ ഏല്‍പിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. ഉദ്യോഗസ്ഥ ഭരണത്തില്‍ ഘടകക്ഷിയായ ബിജെപി കടുത്ത അതൃപ്തിയിലായി. ഇതോടെ ബിഹാറിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. പത്താമൂഴത്തില്‍ മുഖ്യമന്ത്രി കസേരയില്‍ വെറും 3 മാസം മാത്രം ചെലവഴിച്ചാണ് നിതീഷ് കുമാര്‍ രാജി വെക്കാനൊരുങ്ങുന്നത്. രണ്ട് പതിറ്റാണ്ടിലധികം ആ കസേരയിലിരുന്ന് ബിഹാര്‍ രാഷ്ട്രീയത്തെയും, ദേശീയ രാഷട്രീയത്തേയും കൈപ്പിടിയിലൊതിക്കിയിരുന്ന രാഷ്ട്രീയ അതികായന് ഇത് ഉചിതമല്ലാത്ത പടിയിറക്കമാണ്.

അതേസമയം രാജി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഇപ്പോഴും നിതീഷ് കുമാറിന്‍റെ പാറ്റ്നയിലെ വസതിക്ക് മുന്നില്‍ തുടരുകയാണ്. ഗൂഢാലോചനയിലൂടെയും, ചതിപ്രയോഗത്തിലൂടെയും നിതീഷിനെ പുറത്താക്കുന്നുവെന്നാണ് ജെഡിയു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നിതീഷിന്‍റെ അനുയയികളെ മുറിവേല്‍പിച്ച തീരുമാനമായിപ്പോയെന്നും, തിരക്കഥ ആര് തയ്യാറാക്കിയെന്ന് വ്യക്തമാണെന്നും, വിടവാങ്ങല്‍ കുറിപ്പ് പോലും തയ്യാറാക്കിയത് ദില്ലിയില്‍ നിന്നാണെന്നും ആര്ജെഡിയും ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധത്തിനും സമാധാനത്തിനും തയാർ, ഇറാനെ ആക്രമിക്കാൻ ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങൾ; അമേരിക്കയുമായി സമവായം സാധ്യമല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ
ആയത്തുള്ള അലി ഖമനേയിയുടെ വധം; ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം, ഇന്നും നാളെയും രേഖപ്പെടുത്താം