മൂന്ന് ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞത് 10 കാട്ടാനകൾ; വില്ലനായത് കോഡോ മില്ലറ്റ്? സംഭവം മധ്യപ്രദേശിൽ

Published : Nov 02, 2024, 11:13 AM ISTUpdated : Nov 02, 2024, 11:16 AM IST
മൂന്ന് ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞത് 10 കാട്ടാനകൾ; വില്ലനായത് കോഡോ മില്ലറ്റ്? സംഭവം മധ്യപ്രദേശിൽ

Synopsis

ആനകളുടെ സാമ്പിളുകൾ ജബൽപൂർ ആസ്ഥാനമായുള്ള സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലേയ്ക്ക് അയച്ചിട്ടുണ്ട്. 

ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ തുടർച്ചയായി ആനകൾ ചെരിയുന്നു. മൂന്ന് ദിവസത്തിനിടെ 10 ആനകളാണ് ചെരിഞ്ഞത്. ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശിലെ ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. 

കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും ചൊവ്വാഴ്ച നാല് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ബുധനാഴ്ചയും നാല് ആനകളാണ് ഇവിടെ ചെരിഞ്ഞത്. തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച രണ്ട് കാട്ടനകളെയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 

ആനകളുടെ ശരീരത്തിൽ വിഷാംശം ഉണ്ടോയെന്നും മരണകാരണം എന്താണെന്നും കണ്ടെത്താനായി സാമ്പിളുകൾ ജബൽപൂർ ആസ്ഥാനമായുള്ള സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലേയ്ക്ക് (എസ്‌ഡബ്ല്യുഎഫ്എച്ച്) അയച്ചിട്ടുണ്ടെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൽ. കൃഷ്ണമൂർത്തി നേരത്തെ അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ വന്നതിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താൻ കഴിയൂ എന്നും കോഡോ മില്ലറ്റുകളാകാം മരണകാരണമെന്ന് സംശയിക്കുന്നതായും മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.കെ.എൻ അമ്പാഡെ വ്യക്തമാക്കി. 

ആഫ്രിക്കയിൽ നിന്ന് ഉത്ഭവിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ കണ്ടുവന്നിരുന്ന ലോകത്തിലെ തന്നെ പുരാതന ധാന്യങ്ങളിലൊന്നാണ് കോഡോ മില്ലറ്റ് അഥവാ വരാ​ഗ്. ആനകൾ ചെരിഞ്ഞു കിടന്നയിടങ്ങളിൽ വരാ​ഗ് കൃഷി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് കർഷകരെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിളകളുടെ മേൽ ഏതെങ്കിലും തരത്തിലുള്ള കീടനാശിനി ഉപയോ​ഗിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. എസ്ഐടിയും പ്രത്യേക ടാസ്‌ക് ഫോഴ്‌സുമാണ് കേസ് അന്വേഷിക്കുന്നത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എൽ. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

READ MORE: 'ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല...'; മരത്തിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി, താഴെയിറക്കി ഫയർ ഫോഴ്സ്

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'