
ദില്ലി : രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങളുടെ സർവീസുകൾ മുടങ്ങുന്നതിനിടെ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുകയാണെന്നും ഇൻഡിഗോയുടെ പ്രവർത്തനം ഡിസംബർ 10-നും 15-നും ഇടയിൽ സാധാരണ നിലയിലാകുമെന്നും സിഇഒ പിറ്റർ എൽബേഴ്‌സ് അറിയിച്ചു.
‘ആയിരത്തിലധികം സർവീസുകൾ ഇന്ന് റദ്ദാക്കി. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദായി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തിയ സിഇഒ, അടുത്തിടെ നടപ്പിലാക്കിയ പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, സാങ്കേതിക പ്രശ്‌നങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും വ്യക്തമാക്കി. സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർലൈൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വഴി വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും കൃത്യത വീണ്ടെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതിനായി ഡിജിസിഎയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്’.
അതേസമയം, പ്രശ്‌നം പൂർണ്ണമായി പരിഹരിച്ച് സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാൻ 2026 ഫെബ്രുവരി 10 വരെ സമയം ആവശ്യമുണ്ടെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ കൂടുതലായി നിയമിക്കുകയും, റോസ്റ്റർ പുനഃക്രമീകരിക്കുകയും ചെയ്താൽ മാത്രമേ പുതിയ ഡ്യൂട്ടി നിയമങ്ങൾ പാലിച്ചുകൊണ്ട് സുഗമമായ സർവീസ് നടത്താൻ കഴിയുകയുള്ളൂ എന്നാണ് ഇൻഡിഗോ വ്യക്തമാക്കുന്നത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടതിനാൽ ടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകും. ഇന്നലെ യാത്ര മുടങ്ങിയ എല്ലാ യാത്രക്കാർക്കും ഇന്ന് സൗകര്യമൊരുക്കി. പുനക്രമീകരണത്തിനായി ഇന്ന് ഇത്രയും സർവീസുകൾ റദ്ദാക്കിയത്. നാളെ ഇത്രയും വിമാനങ്ങൾ റദ്ദാക്കില്ല. വരുന്ന 10 നും 15 നുമിടയിൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നും സിഇഒ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam