134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസി കത്ത്

By Web TeamFirst Published Jun 23, 2019, 4:26 PM IST
Highlights

കത്തില്‍ ഒപ്പിടാന്‍ രാഹുല്‍ ഗാന്ധി വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് വേണുഗോപാല്‍ ഒപ്പിട്ടതെന്നാണ് സൂചന. 

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസി കത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം നല്‍കിയ കത്തിലാണ് പ്രസിഡന്‍റിന് പകരം ജനറല്‍ സെക്രട്ടറി(സംഘടന) കെ സി വേണുഗോപാല്‍ ഒപ്പിട്ടത്. കത്തില്‍ ഒപ്പിടാന്‍ രാഹുല്‍ ഗാന്ധി വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് വേണുഗോപാല്‍ ഒപ്പിട്ടതെന്നാണ് സൂചന. നിലവില്‍ രാഹുല്‍ ഗാന്ധിയാണ് പ്രസിഡന്‍റെങ്കിലും പാര്‍ട്ടി ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിലപാട് മാറ്റിയിട്ടില്ല.  

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എഐസിസി അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയിലും രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചുനിന്നു. മുതിര്‍ന്ന നേതാക്കളും അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവര്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. പകരം ആളെ കണ്ടെത്താനാണ് പാര്‍ട്ടിയോട് രാഹുല്‍ നിര്‍ദേശിച്ചത്.

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരാളെ ചൂണ്ടിക്കാണിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ചില മുതിര്‍ന്ന നേതാക്കള്‍ മക്കളെ ജയിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളിലും വിഭാഗീയത പ്രകടമായി. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിനെതിരെ രംഗത്തുവന്നിരുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജോത് സിംഗ് സിദ്ദുവും രസത്തിലല്ല. തെലങ്കാനയില്‍ 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നിരുന്നു. 

click me!