അകന്ന് കഴിയുന്ന ഭര്‍ത്താവില്‍നിന്ന് രണ്ടാമതും കുട്ടി വേണം; പരാതി നല്‍കിയ യുവതിയോട് കോടതി പറഞ്ഞത്

By Web TeamFirst Published Jun 23, 2019, 4:16 PM IST
Highlights

2017ലാണ് യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. 2018ലാണ് യുവതി നന്ദെഡ് കോടതിയില്‍ രണ്ടാമതും കുട്ടിയെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

മുംബൈ: അകന്ന് കഴിയുന്ന ഭര്‍ത്താവില്‍നിന്ന് രണ്ടാമതൊരു കുഞ്ഞ് വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി. മുംബൈ സ്വദേശിനിയായ 35 കാരിയാണ് ആര്‍ത്തവം നിലക്കുന്നതിന് മുമ്പ് അകന്നുകഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതും കുട്ടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ശാരീരിക ബന്ധം വഴിയോ ബീജദാനം വഴിയോ കൃത്രിമ ബീജസങ്കലനം(ഐവിഎഫ്-ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.

പ്രത്യുല്‍പാദനത്തിനുള്ള യുവതിയുടെ അവകാശം ന്യായമാണെന്നും അവരുടെ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അന്തരാഷ്ട്ര നിയമങ്ങളും മറ്റുകാര്യങ്ങളും പരിഗണിച്ച കോടതി ദമ്പതികളോട് വിവാഹ കൗണ്‍സലിംഗ് വിദഗ്ധനെയും ഐവിഎഫ് വിദഗ്ധനെയും സമീപിക്കാന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ഐവിഎഫ് വിദഗ്ധനെ കാണണമെന്നാണ് നിര്‍ദേശം. പ്രത്യുല്‍പാദനം സ്ത്രീകളുടെ അവകാശമാണെന്നും എന്നാല്‍, ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം യുവതിയുടെ ഹര്‍ജിയെ ഭര്‍ത്താവ് എതിര്‍ത്തു. യുവതിയുടെ ഹര്‍ജി നിയമവിരുദ്ധമാണെന്നും സാമൂഹിക ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഭര്‍ത്താവ് വാദിച്ചു. എആര്‍ടി സാങ്കേതിക വിദ്യയിലൂടെയും യുവതിയില്‍ തനിക്ക് കുട്ടികള്‍ വേണ്ടെന്ന നിലപാടിലാണ് ഭര്‍ത്താവ്.  ദമ്പതികള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. 2017ലാണ് യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. 2018ലാണ് യുവതി നന്ദെഡ് കോടതിയില്‍ രണ്ടാമതും കുട്ടിയെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

 

click me!