മധ്യപ്രദേശില്‍ 19 എംഎല്‍എമാരും രാജിവെച്ചു,  കമല്‍നാഥ് സര്‍ക്കാര്‍ ത്രിശങ്കുവില്‍, രാജിവെച്ചേക്കുമെന്ന് സൂചന

By Web TeamFirst Published Mar 10, 2020, 1:16 PM IST
Highlights

പ്രതിസന്ധിയിൽ പോലും വ്യക്തിതാല്പര്യം മാറ്റിവയ്ക്കാത്തതും നേതൃധാർഷ്ട്യവും കോൺഗ്രസിനെ ഒരിക്കൽ കൂടി തോല്പിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കമല്‍നാഥ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ജ്യോതിരാദിത്യസിന്ധ്യയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്ന 19 എംഎല്‍എമാരും രാജി സമര്‍പ്പിച്ചു. എന്നാല്‍ സിന്ധ്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. നിലവിലെ രാഷ്ട്രീയ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കമൽ നാഥ് രാജിവച്ചേക്കുമെന്നാണ് സൂചന
16ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന് മുൻപ് രാജിവച്ചേക്കുമെന്നാണ് സൂചന. 

പ്രതിസന്ധിയിൽ പോലും വ്യക്തിതാല്പര്യം മാറ്റിവയ്ക്കാത്തതും നേതൃധാർഷ്ട്യവും കോൺഗ്രസിനെ ഒരിക്കൽ കൂടി തോല്പിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. കർണ്ണാടകത്തിനു പിന്നാലെ മധ്യപ്രദേശിലും നടന്ന വലിയ അട്ടിമറി കോണ്‍ഗ്രസിന് നല്‍കുന്ന ക്ഷീണം ചെറുതല്ല.  

ദേശീയതലത്തിൽ തിരിച്ചടി നേരിടുന്ന ബിജെപിക്ക് വൻ നേട്ടമാകും ജ്യോതിരാദിത്യസിന്ധ്യയുടെയും എംഎല്‍എമാരുടേയും ചുവടുമാറ്റം. ഹിന്ദിഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് ബിജെപി തിരിച്ചുപിടിക്കുന്നത്. ഒപ്പം രാജസ്ഥാനിലും സമാനനീക്കത്തിന് ബിജെപി ശ്രമം ഊർജ്ജിതമാക്കും. രാജസ്ഥാനിൽ സച്ചിൻപൈലറ്റും ഇടഞ്ഞു നില്ക്കുകയാണ്. സമാന നീക്കത്തിന് ബിജെപി അവിടെയും ശ്രമിച്ചേക്കാം. മഹാരാഷ്ട്രയിൽ സഞ്ജയ് നിരുപമും മിലിന്ദ് ദേവ്റയുമൊക്കെ അതൃപ്തരാണ്. ഉദ്ധവ് സർക്കാരിനെ തള്ളിയിടാനുള്ള നീക്കം വേഗത്തിലായാൽ അത്ഭുതപ്പെടേണ്ടതില്ല.

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബിജെപിയിലേക്ക്, ഇനി കേന്ദ്രമന്ത്രി?

2018 ല്‍ മധ്യപ്രദേശ് തിരിച്ചുപിടിക്കാനായത് ദേശീയതലത്തിൽ കോൺഗ്രസിന് നല്കിയ ഊർജ്ജം ചെറുതായിരുന്നില്ല. ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും പ്രധാന സംസ്ഥാനങ്ങളിലൊന്ന് നേരിയ വ്യത്യാസത്തിൽ അന്ന് കൈവിട്ടു പോയ മധ്യപ്രദേശിൽ അട്ടിമറിക്ക് തുടർച്ചയായി ശ്രമിച്ച ബിജെപി വിജയിക്കുകയാണ് പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ. അതും കോൺഗ്രസിൻറെ ഒരു മുൻനിര നേതാവിനെ തന്നെ പുറത്തെത്തിക്കാനായതും ബിജെപിക്ക് വലിയ വിജയമായി. 

കോൺഗ്രസിനുള്ളിലെ നേതൃപ്രതിസന്ധിയും തീരുമാനങ്ങളെടുക്കുന്നതിലെ ദൗർബല്യവുമാണ് ബിജെപി നീക്കത്തിന് കരുത്തായത്. ജ്യോതിരാദിത്യയെ പോലൊരു നേതാവ് ഒപ്പം കൂടുന്നത് ബിജെപിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ദില്ലികലാപത്തിൽ നാളെ പാർലമെൻറിൽ ചർച്ച നടക്കാനിരിക്കെ അതിൽ നിന്ന് ശ്രദ്ധതിരിക്കാനും ജ്യോതിരാദിത്യസിന്ധ്യയുടെ ഈ ചുവടുമാറ്റം ബിജെപി ഉപയോഗിക്കുമെന്നത് വ്യക്തമാണ്. 

 

click me!