ദില്ലി: മധ്യപ്രദേശിലെ കോണ്‍ഗ്രസിന്‍റെ യുവനേതാക്കളിലെ പ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചു. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാജി സമര്‍പ്പിച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം ഒരേ കാറിലാണ് സിന്ധ്യ, മോദിയെ കാണാനെത്തിയതും തിരികെ പോയതും. എന്നാല്‍ ഇരുവരും മാധ്യമങ്ങളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.  സിന്ധ്യക്ക് ഒപ്പം 14 വിമത എംഎല്‍എമാരും രാജി സമര്‍പ്പിച്ചു. അതേ സമയം സിന്ധ്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. 

സിന്ധ്യയുടെയുംഎംഎല്‍എമാരുടേയും പുതിയ നീക്കങ്ങളുടെ സാഹചര്യത്തില്‍  കോൺഗ്രസ് അടിയന്തര ചർച്ചകൾ നടത്തുന്നുണ്ട്. കമല്‍ നാഥിന്‍റെ വസതിയിലും ദില്ലിയിലും ചര്‍ച്ച തുടരുകയാണ്. അതേസമയം നിലവില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയാണ്.    

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളുടെ നിരയില്‍ ഉള്‍പ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി  മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന്‍റെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നതിലും വിജയത്തിലേക്കെത്തിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഒരു ഘട്ടത്തില്‍ സിന്ധ്യ മധ്യപ്രദേശിനെ ഭരിക്കുമെന്ന  രീതിയില്‍ പോലും പ്രചാരണമുണ്ടായി. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനായി സച്ചിന്‍പൈലറ്റിന് മാറി നില്‍ക്കേണ്ടി വന്നത് പോലെ അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടി വരികയായിരുന്നു സിന്ധ്യയ്ക്കും. 15 മാസത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനിടയിലും സിന്ധ്യയുടെ പലനീക്കങ്ങളെയും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന കമല്‍നാഥും ദ്വിഗ് വിജയ് സിംഗും പരാജയപ്പെടുത്തി. 

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മധ്യപ്രദേശ് സർക്കാരിനെ സമ്മർദത്തിലാക്കി 6 മന്ത്രിമാർ ഉൾപ്പടെ 20 എൽഎഎമാരെ ബംഗലുരുവിലേക്ക് മാറ്റിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളെയാണ് മാറ്റിയത്. സിന്ധ്യയും കൂട്ടരും ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചനക്കിടെ അടിയന്തര മന്ത്രിസഭ, പാർട്ടി യോഗങ്ങൾ വിളിച്ച മുഖ്യമന്ത്രി കമൽനാഥ് മധ്യപ്രദേശ് പി സി സി അധ്യക്ഷ സ്ഥാനവും, രാജ്യസഭ സീറ്റും സിന്ധ്യക്ക് വാഗ്ദാനം ചെയ്തതിരുന്നു. 230 അംഗ നിയമസഭയിൽ കോൺഗ്രസ് 113, ബിജെപി 107, ബി എസ് പി 2, എസ് പി ഒന്ന്, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. സിന്ധ്യയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമമാണ് ഇനി ബിജെപി നടത്തുക.  

നിര്‍ണായക നീക്കത്തിലൂടെ അമ്മൂമ്മ വിജയരാജെ സിന്ധ്യയുടെ 'സ്വപ്നം' ജ്യോതിരാദിത്യ സാക്ഷാത്കരിക്കുമോ?.