
ദില്ലി: രാജ്യത്തിതുവരെ 147.72 കോടി (147,72,08,846) വാക്സിനുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിൽ 96 ലക്ഷത്തിലധികം (96,43,238) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരമാണിത്. 1,58,21,510 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,389 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,21,803. ആയി. ദേശീയ രോഗമുക്തി നിരക്ക് 98.01%. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 58,097 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 2,14,004.പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,88,647 പരിശോധനകൾ നടത്തി. ആകെ 68.38 കോടിയിലേറെ (68,38,17,242) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.60 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.18 ശതമാനമാണ്.
അതേസമയം രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു.
പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എൻ കെ അറോറ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam