പതിനാറ് വയസ്സുള്ള പെൺകുട്ടിയെ 23 കാരൻ വിവാഹം ചെയ്ത സംഭവം; ശിക്ഷാനടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ

By Web TeamFirst Published Jun 4, 2020, 11:24 AM IST
Highlights

പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ എന്നിവർക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി  ബാലല ഹക്കുല സം​ഗം സംഘടന സാമൂഹ്യ പ്രവർത്തകൻ അച്യുത് റാവു വ്യക്തമാക്കി. 

ഹൈദരാബാദ്: പതിനാറ് വയസ്സുള്ള പെൺകുട്ടിയെ ഇരുപത്തിമൂന്നുകാരൻ വിവാഹം ചെയ്തു. വിവാഹം നടത്തിയ പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ തീരുമാനിച്ചു. ജൂൺ 1ന് തെലങ്കാനയിലാണ് സംഭവം. ബാലവിവാഹം തടയൽ, പോക്സോ, ബലാത്സം​ഗവുമായി ബന്ധപ്പെട്ട വകുപ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം നടത്തൽ എന്നീ നിയമങ്ങൾ പ്രകാരമാണ് ശിക്ഷാ നടപടി. 

പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ എന്നിവർക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി  ബാലല ഹക്കുല സം​ഗം സംഘടന സാമൂഹ്യ പ്രവർത്തകൻ അച്യുത് റാവു വ്യക്തമാക്കി. ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ ദൂരം ​ഗുഡ്ലപോച്ചംപള്ളിക്ക് സമീപം കണ്ട്ലകോയ ജില്ലയിൽ മേദ്ചലിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. എഫ്ഐആറിൽ പെൺകുട്ടിയുടെ വയസ്സ് 16 എന്നാണ് കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്പാണ് പ്രായപൂർത്തിയായതെന്നും ബാലാവകാശ കമ്മീഷൻ പ്രവർത്തകൻ പറഞ്ഞു. നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. 

ഏകദേശം 30 പേർ വിവാഹത്തിൽ പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇവരാരും തന്നെ മാസ്ക് ധരിച്ചിട്ടില്ല. ലൈം​ഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സം​രക്ഷിക്കുക എന്ന വകുപ്പിനെ മുൻനിർത്തിയാണ് ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. 

click me!