
ബെംഗളൂരു: മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ആളുകൾ ശ്വാസംമുട്ടി മരണമടയുന്ന സംഭവം തുടർക്കഥയാകുന്നു. ബെംഗളൂരുവിൽ ശനിയാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തു. അറുനൂറ് രൂപയ്ക്ക് ജോലി ഏറ്റെടുത്ത 17കാരനാണ് മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചത്.
ഇൻഫാട്രി റോഡിലെ ശ്രീ എസ്എസ്ബിഎസ് ജെയ്ൻ സംഘ് ട്രസ്റ്റിന്റെ കീഴിലുള്ള മാൻഹോൾ വൃത്തിയാക്കുന്നതിനായി രാവിലെ 12 മണിക്കാണ് 17കാരനായ സിദ്ധപ്പയെ കരാറുകാരൻ സമീപിക്കുന്നത്. തുടർന്ന് 600 രൂപയ്ക്ക് ജോലി ഏറ്റെടുത്ത സിദ്ധപ്പ മറ്റ് തൊഴിലാളികൾക്കൊപ്പം മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. മാൻഹോളിന് ഏറ്റവും അടിവശത്തേക്ക് കടന്ന സിദ്ധപ്പ വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ പുറത്തിറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും സിദ്ധപ്പയെ കാണാതായപ്പോൾ സംശയം തോന്നിയ കാരാറുകാരനായ മാരിയണ്ണൻ മാൻഹോളിൽ ഇറങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സിദ്ധപ്പയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികളും പരിസരവാസികളും ചേർന്ന് സിദ്ധപ്പയെ പുറത്തെടുക്കുകയും ഉടൻ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. ഇതിനിടെ സിദ്ധപ്പയുടെ മരണവാർത്ത അറിഞ്ഞ മാരിയണ്ണൻ അബോധാവസ്ഥയിലാകുകയും അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാരിയണ്ണന്റെ നില ഗുരുതരമാമെന്ന് ഡോക്ടർമാര്‍ അറിയിച്ചു.
എന്നാൽ, മാലിന്യങ്ങൾ തള്ളുന്ന മാൻഹോളല്ല ഇതെന്നും മഴവെള്ള സംഭരണിയാണെന്നുമാണ് ട്രസ്റ്റ് ഭാരവാഹികളുടെ വാദം. കരാറടിസ്ഥാനത്തിലാണ് ജോലി ഏർപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ കോമേഴ്ഷ്യൽ സ്ട്രീറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ട്രസ്റ്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരുസംഘം ആക്റ്റിവിസ്ടുകള്‍ രംഗത്തെത്തി. പൊലീസ് മനപൂർവം കേസ് വൈകിപ്പിക്കുകയാണെന്നും പ്രവർത്തകർ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam