സുതാര്യമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനാണ് രാജിയെന്നാണ് അരൂപ് ബിശ്വാസ് കത്തിൽ വിശദമാക്കുന്നത്
കൊൽക്കത്ത: മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നൽകിയത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ ഗോട്ട് ടൂർ പരിപാടി വലിയ രീതിയിൽ അലങ്കോലമായിരുന്നു. പരിപാടി അലങ്കോലമായതിൽ കായിക മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. സുതാര്യമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനാണ് രാജിയെന്നാണ് അരൂപ് ബിശ്വാസ് കത്തിൽ വിശദമാക്കുന്നത്. രാജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസിലെ ഏറ്റവും കരുത്തനായ നേതാക്കളിലൊരാളാണ് മന്ത്രി സ്ഥാനം രാജി വച്ചിട്ടുള്ളത്. മമത ബാനർജിയുടെ വിശ്വസ്തൻ കൂടിയാണ് അരൂപ് ബിശ്വാസ്. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിമർശനം ഉയരാനുള്ള പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച നടന്ന മെസിയുടെ പരിപാടി വലിയ രീതിയിൽ കോലാഹലമായിരുന്നു. 15000 രൂപയോളം നൽകി മെസിയെ കാണാനെത്തിയ ആരാധകർക്ക് മുന്നിൽ മിനിറ്റുകൾ മാത്രമാണ് മെസി ചെലവിട്ടത്. ഇത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. 20 മിനിറ്റ് സ്റ്റേഡിയത്തിൽ നിന്ന ശേഷം മെസി മടങ്ങിയതോടെ കാണാനെത്തിയവർ സ്റ്റേഡിയം നശിപ്പിച്ചിരുന്നു. സെലിബ്രിറ്റികൾ ചുറ്റിയിരുന്നതിനാൽ മെസിയെ കാണാൻ പോലും സാധിക്കാതെ വന്നതാണ് ആരാധകരെ പ്രകോപിതരാക്കിയത്. പിന്നാലെ പരിപാടിയുടെ സംഘാടകനായിരുന്ന ശതാദ്രു ദത്ത അറസ്റ്റിലായിരുന്നു.


