
ലഖ്‌നൗ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ലഖ്‌നൗവില്‍ എത്തിച്ചു. ഷാര്‍ജയില്‍ നിന്ന് ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് 184 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ലഖ്‌നൗവിലെത്തിയത്. പരിശോധനക്ക് ശേഷം പ്രവാസികളെ ക്വാറന്റൈനിലയച്ചു. പ്രവാസികളെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്തിലെത്തിയവരെ പണം വാങ്ങിയുള്ള ക്വാറന്റൈനിലാണ് അയച്ചതെന്ന് ലഖ്‌നൗ ഡിഎം അഭിഷേക് പ്രകാശ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ലഖ്‌നൗ ഇഎസ്‌ഐ ആശുപത്രിയിലും പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. എന്നാല്‍, ഇവരില്‍ നിന്ന് ക്വാറന്റൈന്‍ ചെലവുകള്‍ക്കുള്ള പണം ഈടാക്കും. പെയ്ഡ് ക്വാറന്റീനില്‍ ഒരാള്‍ക്ക് ഒരു ദിവസം 1200 രൂപയാണ് ഈടാക്കുന്നത്. ടിക്കറ്റിന് പുറമെ, ക്വാറന്റൈനും പ്രവാസികള്‍ 16400 രൂപ ചെലവാക്കേണ്ടി വരും.
വിദേശത്ത് നിന്ന് പണം നല്‍കിയാണ് പ്രവാസികള്‍ രാജ്യത്തെത്തുന്നത്. അതിന് പുറമെയാണ് ക്വാറന്റൈന് പണം നല്‍കേണ്ടി വരുന്നത്. എത്തുന്നവരില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ്. വിദേശത്ത് നിന്ന് എത്തുന്നവരെ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ദില്ലിയിലും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ചെലവിലാണ് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം. സര്‍ക്കാര്‍ സംവിധാനം മതിയാകാത്തവര്‍ക്ക് പെയ്ഡ് സംവിധാനവും ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam