
ദില്ലി: വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പുലർത്തിയെങ്കിലും ഒടുവിൽ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേരിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോണ് വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്.
66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷൻമാരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും ഇന്ത്യയിൽ എത്തിയത് എന്നാണ് വിവരം. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.
ഒമിക്രോൺ വൈറസ് ബാധയിൽ ആശങ്ക തുടരുന്നതിനിടെ കർണാടക മുഖ്യമന്ത്രി ബസവ്വരാജ ബൊമ്മയ ഇന്ന് ദില്ലിയിൽ എത്തി കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് ബൂസ്റ്റർ ഡോസ് വാക്സീൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഒമിക്രോൺ വ്യാപന ഭീഷണിയാവും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയെന്നാണ് സൂചന.
ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66കാരൻ ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവരെ ഇന്ത്യയിൽ കാണാത്ത തരം കൊവിഡ് വൈറസാണ് ഇയാളിൽ കണ്ടെതെന്നും പരിശോധന ഫലം എന്തെന്ന് ദില്ലിയിൽ നിന്ന് പ്രഖ്യാപിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി സുധാകർ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാൽ വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്റീനും നിർബന്ധമാക്കിയിരുന്നു.
അതേസമയം ലോകരാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിക്കുകയും ഇന്ത്യ വൈറസ് ഭീതി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡിൻ്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. മൂന്നാം ഡോസ് വാക്സീനിൽ തീരുമാനം വൈകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തോടെ ഇത് സംബന്ധിച്ച നയം പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി തേടി കൊവീഷിൽഡ് നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചിട്ടുണ്ട്.
പുതിയ കൊവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ നൽകാനും തീരുമാനിച്ചിട്ടുണ്ട് .ഇതിനായുള്ള പരിശീലനം ആരോഗ്യ പ്രവർത്തകർക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക. ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിൽ അതീവജാഗ്രത തുടരുകയാണ്. ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്നും വരുന്നവരെ ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. കേന്ദ്ര സര്‍ക്കാറിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കില് ഉടന്‍ കോവിഡ് കെയര്‍ സെന‍്ററിലാക്ക് മാറ്റും. ഏതുവൈറസെന്ന് സ്ഥിരീകരിക്കാന്‍ പോസിറ്റിവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam