സ്കൂളിൽ ക്ലാസെടുക്കാൻ പൊലീസുകാരെത്തിയത് വഴിത്തിരിവായി; അധ്യാപകനിൽ നിന്നുള്ള ദുരനുഭവം തുറന്നുപറഞ്ഞത് 21 പെൺകുട്ടികൾ

Published : Jul 05, 2025, 04:22 AM IST
Nilgiri teacher arrested

Synopsis

ക്ലാസ് എടുക്കാൻ പൊലീസുകാർ എത്തിയതാണ് വഴിത്തിരിവായത്. അധ്യാപകന്റെ ഉപദ്രവം തുറന്നുപറയാൻ ഒരു കുട്ടി ആദ്യം ധൈര്യം കാണിച്ചു

ചെന്നൈ: തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. 21 പെൺകുട്ടികൾ പരാതി നൽകിയതോടെയാണ് ശാസ്ത്ര അധ്യാപകൻ സെന്തിൽ കുമാർ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

നീലഗിരിയിലെ സർക്കാർ സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാൻ പൊലീസുകാർ എത്തിയതാണ് വഴിത്തിരിവായത്. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് വിശദമായി പറഞ്ഞുകൊടുത്ത പൊലീസുകാർ ലൈംഗികാതിക്രമം നടന്നാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് നിർദേശിച്ചതോടെ ഒരു വിദ്യാർത്ഥിനിക്ക് ധൈര്യമായി. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ ശാസ്ത്ര അധ്യാപകനായ സെന്തിൽ കുമാർ പലപ്പോഴും മോശമായ രീതിയിൽ തന്നെ സ്പർശിച്ചിട്ടുണ്ടെന്നും, ആളില്ലാത്ത സ്ഥലങ്ങളിൽ വെച്ച് ബലമായി ചുംബിച്ചിട്ടുണ്ടന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു.

ഇതോടെ കൂടുതൽ കുട്ടികൾ മുന്നോട്ടെത്തി. സെന്തിൽ കുമാർ ലൈംഗികാതിക്രമം നടത്തിയതിന്റെ ദുരനുഭവം 21 കുട്ടികൾ ആണ് തുറന്നു പറഞ്ഞത്. മറ്റുള്ളവരോട് പറഞ്ഞാൽ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ വെളിപ്പെടുത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവിയായ എൻ.എസ് നിഷയെ വിവരമറിയിച്ച പൊലീസ് പിന്നാലെ അധ്യാപകനെ അറസ്റ്റുചെയ്തു.

കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇയാൾ നീലഗിരിയിലെ സർക്കാർ സ്കൂളിൽ എത്തിയത്. സെന്തിൽ കുമാർ കഴിഞ്ഞ 23 വർഷമായി സർക്കാർ സ്കൂളുകളിൽ അധ്യാപകനാണ്. ഇയാൾ നേരത്തെ പഠിപ്പിച്ചിരുന്ന സ്കൂളുകളിലും വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ