
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ കാർത്തിക് (21) ആണ് മരിച്ചത്. 10,000 രൂപയ്ക്ക് ബെറ്റ് വെച്ചായിരുന്നത്രെ മദ്യപാനം. ഒടുവിൽ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താൻ വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കഴിച്ച് കാണിക്കാമെന്ന് കാർത്തിക്, തന്റെ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവരോടും മറ്റ് മൂന്ന് പേരോടും പറഞ്ഞെന്നാണ് സുഹൃത്തുക്കളുടെ വാദം. അതിൽ വിജയിക്കുകയാണെങ്കിൽ താൻ 10,000 രൂപ നൽകാമെന്ന് വെങ്കട റെഡ്ഡി പറഞ്ഞു. ബെറ്റ് വെച്ചാണ് മദ്യപാനം തുടങ്ങിയത്.
കാർത്തിക് അവകാശപ്പെട്ടതു പോലെ അഞ്ച് ഫുൾ ബോട്ടിലുകൾ കാലിയാക്കിയെങ്കിലും അത് കഴിഞ്ഞ് ഗുരുതരാവസ്ഥയിലായി. തുടർന്ന് കോലാറിലെ മുൽബാഗലിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കാർത്തിക് മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തികിന്റെ ഭാര്യ എട്ട് ദിവസം മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്.
സംഭവത്തിൽ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവർ ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അവശേഷിക്കുന്ന നാല് പേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam