രാജ്കോട്ട്: രാജസ്ഥാനിലെ കോട്ട ആശുപത്രിയിലെ ശിശുമരണം രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയെ പ്രതിസന്ധിയിലാക്കി ഗുജറാത്തിൽ നിന്നുള്ള റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ടിൽ സ‍ര്‍ക്കാര്‍ അധീനതയിലുള്ള സിവിൽ ആശുപത്രിയിൽ കഴിഞ്ഞമാസം മാത്രം 135 കുട്ടികൾ മരിച്ചെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതിനിടെ രാജസ്ഥാനിലെ കോട്ട ജെ.കെ ലോൺ ആശുപത്രിയില്‍ ശിശുമരണം 110 ആയി. ആശുപത്രിയില്‍ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തി. കുട്ടികൾക്കുള്ള 28 നെബുലൈസറുകളില്‍  22ഉം ഉപയോഗ ശൂന്യമായിരുന്നുവെന്ന് സമിതി കണ്ടെത്തി. അവശ്യ  ഘട്ടത്തിൽ ഓക്സിജൻ നൽകാനുള്ള സംവിധാനവും ഇല്ലായിരുന്നു. ആറു കോടി രുപ ആശുപത്രി ഫണ്ടിലുണ്ടായിരുന്നിട്ടും ഉപകരണങ്ങൾ വാങ്ങിയില്ല. 

ഡോക്ടർമാരുടെയും, നേഴ്സുമാരുടെയും കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കേന്ദ്രസര്‍ക്കാര്‍ അയച്ച എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘത്തിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ജെകെ ലോൺ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനെ മാറ്റി. നാല് പുതിയ ഡോക്ടര്‍മാരെയും നിയമിച്ചു.