
ലഖ്‌നൗ: ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 22 രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ മോക്ഡ്രില്‍ നടത്തുന്നതിനിടെയെന്ന് ആശുപത്രി ഉടമയായ ഡോക്ടറുടെ ഓഡിയോ സംഭാഷണം പുറത്ത്. ഏപ്രില്‍ 26നാണ് സംഭവം. ഓഡിയോ പുറത്തായതിനെ തുടര്‍ന്ന് ആഗ്ര ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ഉടമ ഡോ. അരിഞ്ജയ് ജെയിനിന്റെ ഓഡിയോ ടേപ്പാണ് പുറത്തായത്.
''രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രിക്ക് പോലും ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മോക്ഡ്രില്‍ നടത്താന്‍ തയ്യാറായത്. അഞ്ച് മിനിറ്റ് ഓക്‌സിജന്‍ വിതരണം നിര്‍ത്തിയാല്‍ ഏതൊക്കെ രോഗികള്‍ അതിജീവിക്കും ആരൊക്കെ മരിക്കും എന്ന് നോക്കാനാണ് മോക്ഡ്രില്‍ നടത്തിയത്. ഏപ്രില്‍ 26ന് രാവിലെ ഏഴിന് ആരും അറിയാതെ ഓക്‌സിജന്‍ വിതരണം നിര്‍ത്തി. തുടര്‍ന്ന് 22 രോഗികളുടെ ശരീരം നീലനിറമാകുകയും അവര്‍ മരിക്കുകയും ചെയ്തു. അതിജീവിച്ച 74 രോഗികളുടെ ബന്ധുക്കളോട് സിലിണ്ടര്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു''- ഡോക്ടരുടെ ഓഡിയോയില്‍ പറയുന്നു.
എന്നാല്‍ ഡോക്ടറുടെ വാദത്തെ തള്ളി ആഗ്ര ജില്ലാ അധികൃതര്‍ രംഗത്തെത്തി. ഏപ്രില്‍ 26,27 തീയതികളില്‍ ഈ ആശുപത്രിയില്‍ ഏഴുപേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും അത് ഓക്‌സിജന്‍ ക്ഷാമം കാരണമല്ലെന്നും ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി ഉടമയും രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഓക്‌സിജന്‍ ക്ഷാമമുണ്ടായാല്‍ നടത്തേണ്ട മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയതെന്നും ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മോക്ഡ്രില്‍ നടത്തിയ അന്ന് 22 രോഗികള്‍ മരിച്ചെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam