പൊലീസ് സ്റ്റേഷനിൽ ഐടിഐ അപ്രന്റീസ്, അടിച്ച് മാറ്റിയത് 32 തോക്കുകൾ, ചോദ്യം ചെയ്യലിൽ തെളിഞ്ഞത് ഒരു വർഷം മുൻപത്തെ കൊലപാതകം

Published : Jul 05, 2026, 03:51 PM IST
gun

Synopsis

സ്റ്റേഷനിലെ തോക്കുകൾ മോഷണം പോയ കേസിലെ പ്രതിയെ തേടിപ്പോയ പൊലീസ് തെളിയിച്ചത് യുവാവിന്റെ കൊലപാതകം

ഫരീദാബാദ്: അപ്രന്റീസ് ആയി ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിൽ. ഇക്കാലയളവിൽ അടിച്ച് മാറ്റിയത് 32 തോക്കുകൾ. സ്റ്റേഷനിലെ തോക്കുകൾ മോഷണം പോയ കേസിലെ പ്രതിയെ തേടിപ്പോയ പൊലീസ് തെളിയിച്ചത് യുവാവിന്റെ കൊലപാതകം. ഫരീദാബാദിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ആയുധപ്പുരയിൽ നിന്നാണ് 22കാരൻ തോക്കുകൾ മോഷ്ടിച്ചത്. ഈ കേസിൽ കഴിഞ്ഞ ആഴ്ചയാണ് ഐടിഐ ട്രെയിനി ആയ മോനു എന്ന 22കാരനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ കേസിലെ ചോദ്യം ചെയ്യലിന് ഇടയിലാണ് താനും കാമുകിയും ചേർന്ന് ബന്ധുവായ 19കാരനെ കൊലപ്പെടുത്തിയ വിവരം പുറത്ത് വന്നത്. ശിവം എന്ന 19കാരനെയാണ് മോനുവും കാമുകി സരിതയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളിയതായാണ് 22കാരൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കുറ്റസമ്മതത്തെ തുടർന്ന് മോനുവിനും കൊലപാതകത്തിൽ പങ്കാളിയായ അവന്റെ കാമുകി സരിതയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തതായി ഫരീദാബാദ് പൊലീസ് വക്താവ് അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിലാണ് സരിത അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലൈ ഒൻപതിനാണ് ശിവത്തെ കാണാനില്ലെന്ന് കാണിച്ച് ഫരീദാബാദിലെ സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയത്. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും അന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇപ്പോൾ മോനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കനാലിൽ മൃതദേഹത്തിനായി പൊലീസ് ഡൈവർമാരെ നിയോഗിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരച്ചിലിൽ കൗമാരക്കാരന്റെ ഒരു ചെരുപ്പ് കനാലിൽ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

സരിതയോട് ശിവം മോശമായി പെരുമാറിയെന്ന് ആരോപിച്ചതിനെ തുടർന്നാണ് മോനു ശിവത്തെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതിനായി സരിത ശിവത്തെ കാണാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഉറക്കഗുളിക കലർത്തിയ ചായ നൽകുകയുമായിരുന്നു. ചായ കുടിച്ച് ശിവം അബോധാവസ്ഥയിലായതിനെ തുടർന്ന് ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്ന് രാത്രി വൈകി, ഇരുവരും മൃതദേഹം ബൈക്കിന് നടുവിലിരുത്തി യാത്ര ചെയ്ത് കനാലിൽ തള്ളിയതായും പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെയാണ് മോനു തന്റെ ഐടിഐ അപ്രന്റീസ്ഷിപ്പിന്റെ ഭാഗമായി പൊലീസ് വകുപ്പിൽ ചേരുന്നതും സെക്ടർ 8 പൊലീസ് സ്റ്റേഷനിൽ കമ്പ്യൂട്ടർ ജോലികൾ കൈകാര്യം ചെയ്യാൻ തുടങ്ങിയതും. ഇത് ഉപയോഗിച്ച് മോനു പ്രാഥമിക അന്വേഷണത്തെ സ്വാധീനിച്ചതായി കുടുംബം ആരോപിക്കുന്നുണ്ട്. എന്നാൽ പൊലീസ് ഈ ആരോപണം നിഷേധിച്ചു. ഒക്ടോബർ 2025 നും ഏപ്രിൽ 2026 നും ഇടയിൽ സെക്ടർ 8 പൊലീസ് സ്റ്റേഷനിലെ ആയുധപ്പുരയിൽ നിന്ന് വിദേശ നിർമ്മിത പിസ്റ്റളുകൾ ഉൾപ്പെടെ 32 ആയുധങ്ങൾ മോനു മോഷ്ടിക്കുകയും അവ അന്തർസംസ്ഥാന അനധികൃത ശൃംഖലയിലേക്ക് മാറ്റുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് ജൂൺ 27 ന് അറസ്റ്റ് ചെയ്യപ്പെട്ട 20 പേരിൽ മോനുവും ഉൾപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് മോനു ഓരോന്നായി ആയുധങ്ങൾ കടത്തി തന്റെ കസിനായ വിപിന് നൽകുകയും, വിപിൻ ഇത് രാജസ്ഥാനിലെ തിജാര സ്വദേശിയായ സഞ്ജയ്ക്ക് കൈമാറുകയുമായിരുന്നു. സഞ്ജയ് തന്റെ ശൃംഖല ഉപയോഗിച്ച് ഈ ആയുധങ്ങൾ ധാരുഹേര, ഭിവാടി, രേവാരി, നോയിഡ, പൽവാൽ, നുഹ് തുടങ്ങിയ സ്ഥലങ്ങളിൽ വിറ്റഴിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മേയ് മാസത്തിൽ നടത്തിയ ഒരു പതിവ് പരിശോധനയ്ക്കിടയിലാണ് ആയുധ രജിസ്റ്ററിലെ അപാകതകൾ എസ്എച്ച്ഒ രാജ്ബീർ സിങ്ങിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് നടത്തിയ വിശദമായ ഓഡിറ്റിലാണ് 32 തോക്കുകൾ കാണാനില്ലെന്ന് വ്യക്തമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രശാന്ത് കിഷോർ; നിതിൻ നബീൻ രാജിവെച്ച ബങ്കിപ്പൂരിൽ കന്നിമത്സരം
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ് ഇൻസ്റ്റാഗ്രാമിന്, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിച്ചതിൽ വിശദീകരണം തേടി