
കാൺപൂർ: കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൈബർ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ദീപക് ചൗധരി എന്ന 25 കാരനാണ് താമസസ്ഥലത്തെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. സൈബർ സുരക്ഷാ മേഖലയിൽ തനിക്ക് ശോഭിക്കാനാകുന്നില്ലെന്നും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവുന്നില്ലെന്നും യുവാവിന്‍റെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ചൗധരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈബർ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നുവെന്ന് ഐഐടി-കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ജീവനൊടുക്കുന്നതിന് മുമ്പ് ദീപക് ചൗധരി ഒരു മുതിർന്ന ഫാക്കൽറ്റി അംഗത്തോട് താൻ നേരിടുന്ന മാനസിക പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരുന്നു. കഠിനാധ്വാനം തുടരാൻ അദ്ദേഹം ചൌധരിയെ ഉപദേശിക്കുകയും, അദ്ദേഹം വിജയിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിതിരുന്നു- അഗർവാൾ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെയാണ് റൂമിലെത്തിയ ചൌധരി പ്ലാസ്റ്റിക് കയറുകൊണ്ട് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി വരെ ചൗധരിയെ സന്തോഷവാനായാണ് കണ്ടത്. ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച ഇയാൾ ജോലിക്കെത്തിയില്ല. ഇതോടെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടു. കോളെടുക്കാതായതോടെ ഇവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് റൂമിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. ഇതുവരെ ഞാൻ മദ്യപിക്കുകയോ തെറ്റൊന്നും ചെയ്യുകയോ ചെയ്തിട്ടില്ല, ജീവിതത്തിൽ മുന്നോട്ട് പോകാനാവുന്നില്ല. അമ്മേ, അച്ഛാ, ദയവായി എന്നോട് ക്ഷമിക്കൂ- എന്നായിരുന്നു കുറിപ്പിൽ.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും വിവരം കുടുംബത്തെ അറിയിച്ചതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദിനേശ് ത്രിപാഠി പറഞ്ഞു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)