
ബെംഗളൂരു: ചവിട്ടുപടിയിൽ നിൽക്കരുതെന്ന് ആവശ്യപ്പെട്ട കണ്ടക്ടറെ കുത്തിപരിക്കേൽപ്പിച്ച യുവാവ് കത്തി കയ്യിൽ കരുതിയത് മുൻ മുതലാളിയെ ആക്രമിക്കാനെന്ന് പൊലീസ്. ഒക്ടോബർ 1നാണ് ബസ് കണ്ടക്ടറെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചത്. ജാർഖണ്ഡ് സ്വദേശിയായ ഹർഷ് സിൻഹയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 25വയസ് പ്രായമാണ് അക്രമിക്കുള്ളത്.
കഴിഞ്ഞ ആറ് വർഷമായി ബെംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവിനെ സെപ്തംബർ 20നാണ് പിരിച്ച് വിട്ടത്. പച്ചക്കറി അരിയാനുപയോഗിച്ച കത്തി ഉപയോഗിച്ചായിരുന്നു ഇയാൾ ബസ് കണ്ടക്ടറുടെ വയറിന് കുത്തിപ്പരിക്കേൽപ്പിച്ചത്. വീണ്ടും ഒരു ജോലി ലഭിക്കുന്നതിന് മുൻ മുതലാളി തടസമാകുമെന്ന ധാരണയിൽ കൊലപ്പെടുത്താൻ കത്തിയുമായി പോവുന്നതിനിടയിലാണ് ബസിൽ വച്ച് യുവാവിന് പ്രകോപനമുണ്ടായത്.
ബസ് ചൊവ്വാഴ്ച വൈകിട്ട് വൈറ്റ്ഫീൽഡ് പൊലീസ് സ്‌റ്റേഷനു സമീപം എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് പിന്നാലെ യാത്രക്കാരനായ ഹർഷ് സിൻഹ കണ്ടക്ടർ യോഗേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
കണ്ടക്ടറെ കുത്തിയതിന് പിന്നാലെ യാത്രക്കാരെ കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ ബസിനകത്ത് പൂട്ടിയ ശേഷം ഡ്രൈവറും മറ്റുള്ള യാത്രക്കാരും പുറത്തിറങ്ങിയതോടെ ഇയാൾ ബസിലുണ്ടായിരുന്ന ചുറ്റിക എടുത്ത് വണ്ടി അടിച്ച് പൊളിക്കാൻ ശ്രമിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ബസ് കണ്ടക്ടർ അപകട നില തരണം ചെയ്തതായാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam