
പട്ന: വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം, ബിഹാർ സംസ്ഥാനങ്ങൾ. ഇവിടങ്ങളിലെ ജനങ്ങളെയെല്ലാം റെസ്‍ക്യൂ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഇതിനിടിയിൽ റെസ്‍ക്യൂ ബോട്ടില്‍ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് 25കാരി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ഇന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്‍ഡിആര്‍എഫിന്‍റെ ബോട്ടിലായിരുന്നു യുവതിയുടെ പ്രസവം.
ഗോബാരി ഗ്രാമത്തിലെ റിമ ദേവി എന്ന യുവതിയാണ് ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഗ്രാമത്തില്‍ വെള്ളം കയറുകയും രക്ഷപ്പെടുത്താനായി ബോട്ട് എത്തിയപ്പോള്‍ തന്നെ റിമ ദേവിക്ക് പ്രസവ വേദന തുടങ്ങി. പിന്നാലെ പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) യുവതിയ്ക്ക് പ്രസവിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി നൽകുകയായിരുന്നു.
ബോട്ടില്‍ വെച്ച് തന്നെ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് എന്‍ഡിആര്‍എഫ് ചീഫ് വിജയ് സിന്‍ഹ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവരുടെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തര സാഹചര്യങ്ങളിൽ പ്രസവം എടുക്കുന്നത് അടക്കമുള്ള പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും 2013 മുതല്‍ ഇരട്ടക്കുട്ടികള്‍ അടക്കം ഇതുവരെ 10 പ്രസവങ്ങള്‍ എടുത്തിട്ടുണ്ടെന്നും വിജയ് സിന്‍ഹ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam