
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002 ലെ വോട്ടർ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2006ൽ തയാറാക്കിയ വോട്ടർ പട്ടികയും സംസ്ഥാനത്തെ ഏറ്റവും പുതിയ വോട്ടർ പട്ടിക താരതമ്യം ചെയ്തപ്പോഴാണ് പൊരുത്തക്കേട് പുറത്തുവന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. 2002-2006 എസ്‌ഐആർ പരിശോധനക്ക് ശേഷം സംസ്ഥാനങ്ങളിൽ തയ്യാറാക്കിയ വോട്ടർ പട്ടികയുമായി പുതിയ പട്ടികയെ കമ്മീഷൻ താരതമ്യം ചെയ്യുന്നുണ്ട്. എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ ആറ് കോടിയിലധികം എണ്ണൽ ഫോമുകൾ ബുധനാഴ്ച ഉച്ചയോടെ ഡിജിറ്റൈസ് ചെയ്തതായി കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാൽ, ഈ ഫോമുകൾ മാപ്പിംഗ് നടപടിക്രമത്തിന് കീഴിൽ കൊണ്ടുവരും. അവിടെ അവ മുൻ എസ്‌ഐആർ രേഖകളുമായി താരതമ്യം ചെയ്യും. സംസ്ഥാനത്തെ ഏകദേശം 26 ലക്ഷം വോട്ടർമാരുടെ പേരുകൾ കഴിഞ്ഞ എസ്‌ഐആർ പ്രക്രിയയിലെ ഡാറ്റയുമായി ഇതുവരെ പൊരുത്തപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രാഥമിക കണ്ടെത്തലുകൾ വ്യക്തമാക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഡിജിറ്റലൈസേഷൻ തുടരുന്നതിനാൽ ഈ കണക്ക് ഇനിയും ഉയർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
2002 ൽ അവസാനമായി സമാഹരിച്ച എസ്ഐആർ രേഖകളുമായി ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ക്രോസ്-വെരിഫിക്കേഷൻ ചെയ്യുന്നതിനെയാണ് മാപ്പിങ് എന്ന് പറയുന്നത്. ഈ വർഷം, മാപ്പിംഗിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർ പട്ടികകളും ഉൾപ്പെടുത്തി. കൂടുതൽ സമഗ്രവും കൃത്യവുമായ സ്ഥിരീകരണ പ്രക്രിയ ഉറപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് സ്വീകരിച്ച നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. മാപ്പിംഗിലെ പൊരുത്തക്കേട് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് അർത്ഥമാക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.