
ദില്ലി: മ്യാൻമർ, തായ്ലൻഡ് അതിർത്തിയിൽ ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ 283 പേരെ തിരിച്ചെത്തിച്ചു. വ്യോമസേനയുടെ വിമാനത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത്. മ്യാൻമറിലെയും തായ്ലാൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്. വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ ജോലി വാഗ്ദാനം നൽകി സൈബർ കുറ്റകൃത്യങ്ങളുടെ ശൃംഖലയിൽ കുടുങ്ങിയ ഏകദേശം 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിൽ 283 പൗരന്മാരെയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ളവരെ ഇന്ന് മേ സോട്ടിൽ നിന്ന് രണ്ടാമത്തെ വിമാനം തിരികെ കൊണ്ടുവരും.
പൗരന്മാരെ വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി വശീകരിച്ച് തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ എന്നിവിടങ്ങളിലെ സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട വ്യാജ കോൾ സെന്ററുകളിലേക്ക് കൈമാറുകയായിരുന്നു. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി യോജിച്ചാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന ഇത്തരം റാക്കറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ, നിരവധി ഇന്ത്യൻ യുവാക്കളെ ഇത്തരത്തിൽ വഞ്ചിച്ച ഏജന്റിനെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam