Latest Videos

കനത്ത മഴ തുടരുന്നു; മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ മതിലിടിഞ്ഞ് വീണ് 29 പേർ മരിച്ചു

By Web TeamFirst Published Jul 2, 2019, 6:01 PM IST
Highlights

പുറംപോക്കിലെ അംബേദ്കർ കോളനിയിൽ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തിൽ പെട്ടവരിൽ അധികവും താമസിച്ചിരുന്നത്. മതിൽ തകർന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചപ്പോൾ ആളുകൾ ചിതറിയോടി

മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ കനത്തമഴയിൽ മതിലിടിഞ്ഞ് വീണ് 29 പേർ മരിച്ചു. മുംബൈയിൽ 45 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയിൽ ജനജീവിതം ദുസ്സഹമായി. മുംബൈ വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനം റൺവെയിൽ നിന്നും തെന്നിമാറി. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 

മലഡ് ഈസ്റ്റിലെ കുന്നിന്‍റെ താഴെ കുടിൽ കെട്ടി താമസിച്ചവരാണ് ഇന്നലെ അർദ്ധരാത്രിയിലെ പെരുമഴയിൽ അപകടത്തിൽ പെട്ടത്. പുറംപോക്കിലെ അംബേദ്കർ കോളനിയിൽ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തിൽ പെട്ടവരിൽ അധികവും താമസിച്ചിരുന്നത്. മതിൽ തകർന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചപ്പോൾ ആളുകൾ ചിതറിയോടി. 

ഇതുവരെ 20 പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടെടുത്തു. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. രക്ഷാദൗത്യം തുടരുന്നു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെകുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

പൂനെയിലെ സിൻഗഡ് കോളേജിന്‍റെ മതിലിടിഞ്ഞ് വീണ് ആറ് തൊഴിലാളികൾ മരിച്ചു. കല്യാണിൽ ഉറുദു മദ്രസയ്ക്ക് മുകളിൽ മതിലിടിഞ്ഞ് മൂന്ന് പേർ മരിച്ചു. കുർള ഭാഗത്ത് ഒരു നിലകെട്ടിടത്തിന്‍റെ ഉയരത്തിൽ വെള്ളം പൊങ്ങി. രക്ഷാപ്രവർത്തനത്തിന് നേവിയുമെത്തി. മുംബൈ താനെ, പാൽഘർ എന്നിവിടങ്ങളിൽ നാളെയും പൊതു അവധിയാണ്. 

മഴയ്ക്ക് നേരിയ ശമനമായതോടെ മുംബൈയിൽ റോഡ്, റെയിൽ ഗതാഗതം സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ എസ്ജി 6237 സ്പൈസ്ജറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പ്രധാന റൺവേ രണ്ടുദിവസത്തേക്ക് അടച്ചു. മുംബൈയിൽ കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങൾ ഉള്ളതിനാൽ ജനങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്.
 

click me!