രാജീവ് ​ഗാന്ധി രക്തസാക്ഷിയായതിന്റെ 29ാം വാർഷികം; മുൻപ്രധാനമന്ത്രിയുടെ പേര് പങ്കിട്ട യുവാവിനെക്കുറിച്ചറിയാം

By Sumam ThomasFirst Published May 21, 2020, 10:23 AM IST
Highlights

സ്കൂളിൽ എന്തെങ്കിലും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങാൻ പേര് വിളിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. അപ്പോ ചെറിയൊരു സങ്കടം തോന്നും.

ഇടുക്കി: ഇന്ന്  മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ ഓർമ്മദിനമാണ്.  29 വർഷങ്ങൾക്ക് ഇതുപോലെയൊരു മെയ് 21 നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് രാജീവ് ​ഗാന്ധി എൽടിടിഇ തീവ്രവാദികളാൽ വധിക്കപ്പെട്ടത്. രാജ്യം മുൻപ്രധാനമന്ത്രിയുടെ ഓർമ്മകൾക്ക്  മുന്നിൽ പ്രണമിക്കുമ്പോൾ‌ കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിൽ രാജീവ് ​ഗാന്ധി എന്ന് പേരുള്ള മറ്റൊരു യുവാവിനെക്കുറിച്ച് പറയാം. 

'അപ്പാപ്പനാണ് എനിക്ക് പേരിട്ടത്. അദ്ദേഹം കോൺ​ഗ്രസ് പാർട്ടിയോട് തീവ്രമായ അനുഭാവമുള്ള ആളായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് രാജീവ് ​ഗാന്ധി എന്ന് പേരിട്ടത്. രാജീവ് ​ഗാന്ധി മരിക്കുമ്പോൾ എനിക്ക് ആറ് വയസ്സാണ് പ്രായം.'' ആദ്യമൊക്കെ പേര് കൊണ്ട്  ശ്രദ്ധിക്കപ്പെട്ടെങ്കിലും ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് രാജീവ് പറയുന്നു. ''സ്കൂളിൽ എന്തെങ്കിലും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങാൻ പേര് വിളിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. അപ്പോ ചെറിയൊരു സങ്കടം തോന്നും. ചിലരൊക്കെ കളിയാക്കാറുണ്ടായിരുന്നു. വേറെ ചിലരോട് എങ്ങനെയാണ് ഈ പേര് വന്നതെന്ന് വിശദീകരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. ''രാജീവ് പറയുന്നു. 

രാജീവിന്റെ അച്ഛന്റെ അച്ഛൻ മേ​​ഗവർണൻ തീവ്ര കോൺ​ഗ്രസ് അനുഭാവിയായിരുന്നു. അതുകൊണ്ടാണ് 1985 ൽ ജനിച്ച തന്റെ കൊച്ചുമകന് അദ്ദേഹം രാജീവ് ​ഗാന്ധി എന്ന പേര് നൽകിയത്. നാട്ടിൽ അറിയപ്പെടുന്നത് രാജീവ് എന്നാണെങ്കിലും ഔദ്യോ​ഗിക രേഖകളിലെല്ലാം രാജീവ് ​ഗാന്ധി എന്നാണ് മുഴുവൻ പേരെന്ന് ഈ യുവാവ് പറയുന്നു. 1991 ൽ രാജീവ് ​ഗാന്ധി കൊല്ലപ്പെടുമ്പോൾ രാജീവിന് ആറ് വയസ്സാണ് പ്രായം. അന്ന് അപ്പാപ്പൻ കരഞ്ഞത് എനിക്കോർമ്മയുണ്ട്. നല്ലൊരു നേതാവായിരുന്നു അദ്ദേഹമെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് അങ്ങനെ പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. രാജീവ് പറയുന്നു. പ്ലസ് ടൂ പഠനത്തിന് ശേഷം തുടർന്ന് പഠിച്ചില്ല. മറയൂരിലെ ഫോറസ്റ്റ് നെഴ്സറിയിൽ താത്ക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയാണ് രാജീവ് ​ഗാന്ധി ഇപ്പോൾ. 

click me!