
നോയിഡ: ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക്സിലെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കമ്പനി പരിശോധിച്ച ഡ്രഗ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കമ്പനിയിലെ 22 സാമ്പിളുകളുടെ ഉൽപാദനം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രാത്രി വൈകിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ജനങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യാജ മരുന്നുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് വ്യക്തമായതായാണ് സെന്‍ട്രല്‍ നോയിഡ എഡിസിപി രാജീവ് ദീക്ഷിത് പ്രതികരിച്ചത്. കമ്പനിയിലെ മറ്റ് രണ്ട് ഡയറക്ടര്‍മാര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തുഹിന്‍ ഭട്ടാചാര്യ, അതുല്‍ റാവത്ത്, മൂല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരായ ജയാ ജെയിനും സച്ചിന്‍ ജെയിനും ഒളിവിലാണ്. ഹെഡ് ഓഫ് ഓപ്പറേഷന്‍, മാനുഫാക്ചറിംഗ് കെമിസ്റ്റ്, അനലിറ്റിക്കല്‍ കെമിസ്റ്റ് തസ്തികയില്‍ ജോലി ചെയ്തിരുന്നവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. വ്യാജ മരുന്ന് നിര്‍മ്മിച്ച് വില്‍പന നടത്തിയതടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറിലാണ് മാരിയോണ്‍ ബയോടെക് വിവാദത്തില്‍ കുരുങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ചുമ മരുന്നായ ഡോക് 1 സിറപ്പ് ഇസ്ബെകിസ്ഥാനില്‍ 18 കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായിരുന്നു. കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ തിരിമറികള് കണ്ടെത്തിയതിന് പിന്നാലെ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന രണ്ട് മരുന്നുകള്‍ ഉസ്ബെകിസ്ഥാനിലെ കുട്ടികള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
'ഡോക്-1-മാക്സ്' (DOK-1 Max), അബ്റോണോള്‍ (AMBRONOL) എന്നീ രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചത്. സാംപിളുകള്‍ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിന്‍റെ പേരിലാണ് ലോകാരോഗ്യസംഘടന ഇത്തരമൊരു ശുപാര്‍ശ നടത്തിയത്. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം കഫ് സിറപ്പുകളിലുണ്ടായിരുന്നുവെന്നാണ് നേരത്തെ ഉസ്ബെകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയത്.
സ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി ഇന്ത്യൻ നിർമ്മിത മരുന്നെന്ന് റിപ്പോർട്ട്
ഇന്ത്യയില്‍ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70 കുട്ടികള്‍ മരിച്ചെന്ന വിവാദത്തിന് പിന്നാലെയായിരുന്നു ഉസ്ബെകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam