താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Oct 7, 2019, 11:42 AM IST
Highlights

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ മോചനത്തിനായി വിട്ടയച്ച താലിബാന്‍ നേതാക്കളുടെ വിവരം വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. 

ദില്ലി: കഴിഞ്ഞ ഒരു വര്‍ഷമായി താലിബാന്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ മൂന്നുപേരെ വിട്ടയച്ചു. യുഎസ്, അഫ്ഗാനിസ്ഥാന്‍ പട്ടാളം പിടികൂടിയ 11 താലിബാന്‍ നേതാക്കളെ വിട്ടയക്കാമെന്ന് സമ്മതിച്ചതോടെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചത്. ഏറെ ദിവസത്തെ വിലപേശലിനൊടുവിലാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ മോചനം സാധ്യമായത്. ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാക്കളടക്കമുള്ളവരെയാണ് ഇവരുടെ മോചനത്തിനായി വിട്ടയച്ചത്.

അതേസമയം, ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ മോചനത്തിനായി വിട്ടയച്ച താലിബാന്‍ നേതാക്കളുടെ വിവരം വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍, ഷെയ്ഖ് അബ്ദുര്‍ റഹിം, മൗലവി അബ്ദുര്‍ റാഷിദ് തുടങ്ങിയ താലിബാന്‍ നേതാക്കളെയാണ് വിട്ടയച്ചതെന്ന് സൂചനയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ ഇന്ത്യ, അഫ്ഗാന്‍ സര്‍ക്കാറുകള്‍ ഔദ്യോഗിക വിശദീകരണത്തിന് തയ്യാറായിട്ടില്ല. 

2018ലാണ് അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാഗ്‍ലാന്‍ പ്രവിശ്യയിലെ പവര്‍ പ്ലാന്‍റില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ എന്‍ജീനീയര്‍മാരെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഉത്തരവാദിത്തമേറ്റെടുത്ത് ആരും രംഗത്തെത്തിയിരുന്നില്ല. ഇതില്‍ ഒരാളെ മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. ഇനി മൂന്ന് പേരാണ് താലിബാന്‍ പിടിയിലുള്ളത്. 

click me!