
ദില്ലി: ദില്ലി കോടതിയിലെ ജഡ്ജ് വസതിയിൽ മരിച്ച നിലയിൽ. ദില്ലിയിലെ സഫ്ദർജംഗ് എൻക്ലേവിലുള്ള വസതിയിയിലാണ് സിവിൽ ജഡ്ജി അമൻ കുമാർ ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസ്സുകാരനായ അമൻ കുമാർ ദില്ലി ജുഡീഷ്യൽ സർവീസിലെ അംഗമായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ അമൻ കുമാർ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ജീവിതത്തിലുണ്ടായ കടുത്ത മാനസിക സമ്മർദ്ദവും വ്യക്തിപരമായ കാരണങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിലെ സൂചന. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും അമൻ കുമാർ ശർമ കുറിപ്പിൽ എഴുതിയിട്ടുണ്ട്. വടക്കുകിഴക്കൻ ദില്ലിയിലെ കർക്കാർഡൂമ കോടതിയിൽ സിവിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ജോലിയിലെ കൃത്യനിഷ്ഠ കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും സഹപ്രവർത്തകർക്കിടയിൽ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അമൻ കുമാർ.
പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്ന് തന്നെ ഉറപ്പിച്ചിട്ടുണ്ടെങ്കിലും മരണത്തിന് പിന്നിൽ മറ്റ് സമ്മർദ്ദങ്ങളുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam