
അഹമ്മദാബാദ്: പുനർവിവാഹം ചെയ്തിട്ടും അന്തരിച്ച ഭർത്താവിന്‍റെ കുടുംബ പെൻഷൻ തുടർന്നും കൈപ്പറ്റിയ കേസിൽ അഹമ്മദാബാദിലെ മണിനഗറിൽ നിന്നുള്ള ഒരു സ്ത്രീക്കെതിരെ കേസെടുത്തു. സർക്കാരിൽ നിന്ന് ഇവര്‍ 14.89 ലക്ഷം രൂപയാണ് കബളിപ്പിച്ച് നേടിയത്. അഹമ്മദാബാദ് പൊലീസിൽ കോൺസ്റ്റബിളായി സേവനമനുഷ്ഠിച്ചിരുന്ന കാർത്തിക് വ്യാസിന്‍റെ ഭാര്യയായ ദക്ഷാബെൻ വ്യാസ്, എല്ലാ വർഷവും പെൻഷൻ വകുപ്പിൽ തെറ്റായ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുകൊണ്ട് ഏകദേശം മൂന്ന് പതിറ്റാണ്ടോളം പെൻഷൻ കൈപ്പറ്റുന്നത് തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 1993-ൽ കാർത്തിക് വ്യാസ് കാൻസർ ബാധിച്ച് മരിച്ചു. അതിനുശേഷം ദക്ഷാബെൻ കുടുംബ പെൻഷൻ വാങ്ങാൻ തുടങ്ങി. അതോടൊപ്പം, ആശ്രിത നിയമനം വഴി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സിഐഡി ക്രൈം–റെയിൽവേസ്) ഓഫീസിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ ജോലിയും ലഭിച്ചു.
ഭർത്താവിന്‍റെ മരണശേഷം പുനർവിവാഹം ചെയ്തിട്ടും, ദക്ഷാബെൻ ഈ വസ്തുത മറച്ചുവെക്കുകയും താൻ ഇപ്പോഴും വിധവയാണെന്ന് അവകാശപ്പെട്ട് എല്ലാ വർഷവും സ്വയം സാക്ഷ്യപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഈ അപേക്ഷകളെ ആശ്രയിച്ച് പെൻഷൻ ഓഫീസ് വർഷങ്ങളോളം പണം നൽകുന്നത് തുടർന്നു. 2020ൽ, അവർ പുനർവിവാഹം ചെയ്തതായി സിഐഡി ക്രൈം–റെയിൽവേസ് വകുപ്പ് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തിവെച്ചു. വ്യാജരേഖകൾ സമർപ്പിച്ച് ദക്ഷാബെൻ ആകെ 14.89 ലക്ഷം രൂപ പെൻഷൻ ഇനത്തിൽ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഓഫീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന്, ഗാന്ധിനഗറിലെ പെൻഷൻ വകുപ്പ് നിയമനടപടിക്ക് ശുപാർശ ചെയ്തു. ഈ അറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ, തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും ദക്ഷാബെന്നിനെതിരെ കരൺജ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും, ഇത്രയും വർഷം ഈ തെറ്റായ പ്രഖ്യാപനങ്ങൾ എങ്ങനെ കണ്ടെത്താതെ പോയെന്നും കേസ് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം
ആനുകൂല്യം ലഭിക്കുന്നവർ അവരുടെ വിവാഹ നിലയും തൊഴിൽ നിലയും സംബന്ധിച്ച് സ്ഥിരമായി സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെങ്കിലും, പെൻഷൻ വിതരണ സംവിധാനത്തിലെ പരിശോധനാ വീഴ്ചകളെക്കുറിച്ച് ഈ കേസ് ആശങ്ക ഉയർത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വ്യാജ പെൻഷൻ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്ക് സഹായം നൽകുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.