
ബെംഗളൂരു: ബെംഗളൂരുവിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള വാടക വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 34 വയസുകാരി മരിച്ചു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ശർമിളയാണ് മരിച്ചത്. ജനുവരി 3 ന് ആണ് സംഭവം. മംഗളൂരു സ്വദേശിനിയായ ശർമിള ആക്‌സെൻചറിൽ ആണ് ജോലി ചെയ്യുന്നത്. രാത്രി 10.30 ഓടെ വീട്ടിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ വിജയേന്ദ്രനാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയും അടിയന്തര സേവന വിഭാഗവും സ്ഥലത്തെത്തി. വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. അഗ്നിരക്ഷ സേന തീ അണച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ശർമിളയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തീപിടിത്തവും പുകയും കാരണം ശർമിളയ്ക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നതാകാമെന്നാണ് പൊലീസ് നിഗമനം. വീടിനെ മുകളിലെ നില വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. ഇവിടെയാണ് ശർമിള താമസിച്ചിരുന്നത്. മറ്റൊരു മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് സംഭവസമയത്ത് സ്വന്തം നാട്ടിലായിരുന്നുവെന്നാണ് വിവരം. തീ സുഹൃത്തിന്റെ മുറിയിലാണ് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. മംഗളൂരു സ്വദേശിയായ ശർമിള ഏകദേശം ഒരു വർഷം മുൻപാണ് ജോലിക്കായി ബെംഗളൂരുവിലേക്ക് താമസം മാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam