ആര്‍മിയിലും കൊവിഡ് ഭീതി; 35 ശതമാനം ഓഫീസര്‍മാര്‍ക്കും 'വര്‍ക്ക് ഫ്രം ഹോം'

By Web TeamFirst Published Mar 21, 2020, 8:46 AM IST
Highlights

കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഓഫീസര്‍മാരുമായി ആര്‍മി ചീഫ് എം എം നവരത്‌നെ ചര്‍ച്ച നടത്തി. ആളുകള്‍ കുട്ടം കൂടരുത് എന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനാണ് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ആര്‍മി അധികൃതര്‍ അറിയിച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ ഭീതി സൃഷ്ടിക്കുമ്പോള്‍ നടപടികളുമായി സൈന്യവും. രാജ്യത്തെ പല മേഖലകളിലും നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം (വീട്ടിലിരുന്നുള്ള ജോലി) സംവിധാനയാണ് ആര്‍മിയും നടപ്പാക്കാന്‍ പോകുന്നത്. ഇതിന്റെ ആദ്യപടിയായി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 35 ശതമാനം ഓഫീസര്‍മാര്‍ക്കും മാര്‍ച്ച് 23 മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാകും.

ഇതിന് പുറമെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരിലെ 50 ശതമാനം ഓഫീസര്‍മാര്‍ക്കും ഇതേ രീതിയില്‍ ജോലി ചെയ്യനാകും. മാര്‍ച്ച് 30ന് അടുത്ത ഘട്ടമായി മറ്റ് ഓഫീസര്‍മാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഓഫീസര്‍മാരുമായി ആര്‍മി ചീഫ് എം എം നവരാനെ ചര്‍ച്ച നടത്തി.

ആളുകള്‍ കുട്ടം കൂടരുത് എന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനാണ് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ആര്‍മി അധികൃതര്‍ അറിയിച്ചു. സെന്യവുമായി ബന്ധപ്പെട്ട എല്ലാ കോണ്‍ഫറന്‍സുകളും സെമിനാറുകളും ഏപ്രില്‍ 15 വരെ മാറ്റിവെച്ചിരിക്കുകയാണ്.

നേരത്തെ, ഇന്ത്യന്‍ സൈനികന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ലഡാക് സ്‌കൗട്ടിലെ 34 കാരനായ സൈനികനാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന്  യുദ്ധസമാന രീതിയിലാണ് സൈന്യം വിഷയത്തെ സമീപിക്കുന്നതെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

യോഗങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ പരിപാടികള്‍ എന്നിവ മാറ്റിവെക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകും വരെ പരിശീലന പരിപാടികളൊന്നും നടത്തരുതെന്നും അറിയിച്ചിട്ടുണ്ട്.സൈനികന്റെ പിതാവ് ഫെബ്രുവരി 27-നാണ് ഇറാനില്‍ നിന്ന് തിരികെയെത്തിയത്.

സൈനികന്‍ അച്ഛനെ കാണാന്‍ നാട്ടിലെത്തിയിരുന്നു. മാര്‍ച്ച് രണ്ടിന് സൈനികന്‍ തിരികെ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. സൈനികന്റെ അച്ഛനെ ഫെബ്രുവരി 29-ന് ക്വാറന്റൈന്‍ ചെയ്തു. മാര്‍ച്ച് 6-ാം തീയതിയോടെ അച്ഛന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. സൈനികന്‍ ഈ വിവരം യൂണിറ്റിനെ അറിയിച്ചതോടെ സൈന്യം അദ്ദേഹത്തെ ഉടന്‍ ക്വാറന്റൈനിലേക്ക് മാറ്റി. പരിശോധന നടത്തിയപ്പോള്‍, കൊവിഡ് പോസിറ്റീവ് ഫലവും വരികയായിരുന്നു.
 

click me!