
ദില്ലി: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ വടക്ക് കിഴക്കൻ ദില്ലിയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ 37 പേര്‍ക്ക് പരിക്കേറ്റതായി ദില്ലി പൊലീസ്. സംഘർഷ സാധ്യത ഏറെയുള്ള ഒന്‍പത് സ്ഥലങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ജഫ്രാബാദ്, സീലംപൂർ, മൗജ്‌പൂർ, ഗൗതംപുരി, ഭജൻപുര, ചന്ദ് ബാഗ്, മുസ്തഫാബാദ്, വസിറാബാദ്, ശിവ് വിഹാർ എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിച്ചെന്ന് കിഴക്കൻ ദില്ലി ജോയിന്‍റ് കമ്മീഷണർ അലോക് കുമാർ അറിയിച്ചു.
വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമഭേദഗതിയെത്തുടർന്നുള്ള പ്രതിഷേധം വീണ്ടും അക്രമാസക്തമാവുകയായിരുന്നു. ജഫ്രാബാദിനടുത്തുള്ള മോജ്പൂരിലും ഭജൻപുരയിലും സംഘർഷം രൂക്ഷമാവുകയായിരുന്നു. മോജ്പൂരിൽ ഇരുവിഭാഗം തമ്മിലുണ്ടായ കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാൽ ആണ് മരിച്ചത്. കല്ലേറിൽ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നഗരത്തിൽ വ്യാപകമായി അക്രമം നടത്തിയവർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടർന്നു. നിരവധി വീടുകളും കടകളും കല്ലേറിൽ തകർന്നു. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. കല്ലേറിലാണ് പൊലീസുദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പരുക്കേറ്റത്. പത്ത് സംഘർഷ ബാധിത പ്രദേശങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജഫ്രാബാദിൽ ഷഹീൻബാഗ് മോഡൽ സമരം തുടങ്ങിയതോടെയാണ് പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും സംഘടിച്ചത്. കഴിഞ്ഞ ദിവസം ജഫ്രാബാദിലും മൗജ്പൂരിലും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അക്രമങ്ങൾ യാതൊരു തരത്തിലും അംഗീകരിക്കില്ലെന്നായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം. ലെഫ്റ്റനന്‍റ് ഗവർണറുമായി സംസാരിച്ചതായും കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും കെജ്‍രിവാള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam