
ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു മദ്രസയിലെ ടോയ്‌ലറ്റിനുള്ളിൽ 9നും 14നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. പയഗ്പൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അശ്വിനി കുമാർ പാണ്ഡെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
പയഗ്പൂർ തഹസിൽ പരിധിയിലെ പഹൽവാര ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അനധികൃത മദ്രസയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം പരിശോധനക്ക് എത്തിയത്. പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ മദ്രസ നടത്തിപ്പുകാർ കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്നത് ആദ്യം തടഞ്ഞു. പൊലീസിന്റെ സഹായത്തോടെ അകത്തുകടന്ന ഉദ്യോഗസ്ഥർ ടെറസിലെ ടോയ്‌ലറ്റ് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ ഭയന്നുവിറച്ച നിലയിൽ 40 പെൺകുട്ടികൾ ഓരോരുത്തരായി പുറത്തുവന്നു. അവർക്ക് വ്യക്തമായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് എസ്ഡിഎം അറിയിച്ചു.
മദ്രസയുടെ രജിസ്ട്രേഷനും നിയമപരവും ആയ കാര്യങ്ങൾ പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷമായി രജിസ്‌ട്രേഷനില്ലാതെയാണ് മദ്രസ പ്രവർത്തിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എട്ട് മുറികളുണ്ടായിട്ടും കുട്ടികളെ എന്തിനാണ് ടോയ്‌ലറ്റിൽ ഒളിപ്പിച്ചതെന്ന ചോദ്യത്തിന്, ബഹളത്തിനിടയിൽ പേടിച്ച് കുട്ടികൾ സ്വയം പൂട്ടിയിരുന്നതാണെന്ന് അധ്യാപിക തക്‌സീം ഫാത്തിമ മറുപടി നൽകി.
മദ്രസയുടെ രേഖകൾ പരിശോധിക്കുകയും സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് അയക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയെന്നും എല്ലാവരും വീട്ടിൽ തിരിച്ചെത്തിയതായും മുഹമ്മദ് ഖാലിദ് അറിയിച്ചു. അതേസമയം, ഇതുവരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, എസ്ഡിഎമ്മോ രക്ഷിതാക്കളോ പരാതി നൽകിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (സിറ്റി) രമാനന്ദ് പ്രസാദ് കുശ്വാഹ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam