
ലക്നൗ: അഞ്ച് നിർണായക സാക്ഷികൾ കൂറ് മാറി. ഉറ്റബന്ധുക്കൾ മൊഴി മാറ്റിയിട്ടും നാല് വയസുകാരൻ കുലുങ്ങിയില്ല. അമ്മയുടെ മരണത്തിന് ഉത്തരവാദിയെ നീതിപീഠത്തിന് മുൻപിൽ വ്യക്തമാക്കി നാല് വയസുകാരൻ മകൻ. 32കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉത്തരത്തിൽ കെട്ടിത്തൂക്കിയ യുവാവിന് ഒടുവിൽ ജീവപരന്ത്യം ശിക്ഷ വിധിച്ചു. 2022 ഫെബ്രുവരിയിൽ നടന്ന കൊലപാതകത്തിലാണ് ഉത്തർ പ്രദേശിലെ അലിഗഡ് സ്വദേശിയും ദിവസ വേതനക്കാരനുമായ അഖിലേഷിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
32കാരിയായ ഭാര്യ സാവിത്രിയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. 12 വർഷം മുൻപാണ് ഇയാൾ സാവിത്രിയെ വിവാഹം ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സാവിത്രിയെ കണ്ടെത്തിയത്. എന്നാൽ സംഭവം നടക്കുമ്പോൾ അഖിലേഷ് സ്ഥലത്ത് ഇല്ലെന്നായിരുന്നു ബന്ധുക്കളുടെ വാദം. എന്നാൽ സാവിത്രി മരിക്കുന്ന സമയത്ത് നാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന മകൻ അച്ഛൻ വീട്ടിലുണ്ടായിരുന്നുവെന്ന് കോടതിയിൽ വിശദമാക്കി. പോസ്റ്റ്‍മോർട്ടത്തിൽ സാവിത്രിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായിരുന്നു. കേസിൽ 13 സാക്ഷികളുണ്ടായിരുന്നതിൽ 5 പ്രധാന സാക്ഷികൾ വിചാരണയ്ക്കിടെ കൂറ് മാറിയിരുന്നു. കേസിലെ പരാതിക്കാരൻ അടക്കം അനുകൂലമല്ലാത്ത സാക്ഷിയായി മാറിയ കേസിലാണ് 4 വയസുകാരൻറെ മൊഴി ശിക്ഷയ്ക്ക് കാരണമായത്. അലിഗഡിലെ അഡീഷണൽ ഡിസ്ട്രിക്ട് കോടതിയുടേതാണ് തീരുമാനം.
സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന സംശയം ആദ്യം ഉന്നയിച്ച സാവിത്രിയുടെ സഹോദരൻ റാം അവ്താറിന്റെ മൊഴിയടക്കം കോടതി തള്ളിയിരുന്നു. അച്ഛനും രണ്ട് സഹോദരന്മാരും അമ്മ മരിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നുവെന്നാണ് നാല് വയസുകാരൻ വിശദമാക്കിയത്. നേരത്തെ കേസിൽ ജാമ്യത്തിലിറങ്ങിയ അഖിലേഷിനെ വിധി വന്നതോടെ കസ്റ്റഡിയിൽ എടുത്ത് ജയിലിലേക്ക് അയച്ചു. ഭർത്താവിന്റെ വീട്ടിലാണ് സാവിത്രിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം