
ദില്ലി: ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിരിക്കെ 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണണെന്ന് ദില്ലിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യപ്പെട്ടത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ച് തീരുമാനമെടുക്കും.
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ കേരളം, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിനെ സംബന്ധിച്ച് തീരുമാനമെടുക്കൂ. നിലവില്‍ തെലങ്കാന മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ, പുണെ സിറ്റികള്‍ മെയ് 18വരെയെങ്കിലും സമ്പൂര്‍ണമായി അടച്ചിടണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തോട് ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭക്ക് പുറത്തുള്ള കടകള്‍ തുറക്കുന്നതിനോടും മഹാരാഷ്ട്ര, യുപി സര്‍ക്കാറുകള്‍ക്ക് യോജിപ്പില്ല.
അതേസമയം, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് യോജിച്ചു. റെഡ്‌സോണ്‍ ജില്ലകളില്‍ മെയ് മൂന്നിന് ശേഷവും നിയന്ത്രണം തുടരുമെന്ന് ബംഗാള്‍ വ്യക്തമാക്കി. കേന്ദ്ര തീരുമാനത്തിന് ശേഷമേ കര്‍ണാടകയും നിലപാട് വ്യക്തമാക്കൂ. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുമായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നാളെ നടക്കും. വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ധാരണയുണ്ടായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam