
ദില്ലി: കലാപവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നേതാക്കളുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ച് പൊലീസ്. അറസ്റ്റിലായവർക്ക് പോപ്പുലർ ഫ്രണ്ടിന്റെ പക്കൽ നിന്നും സാന്പത്തിക സഹായം കിട്ടിയെന്ന് പൊലീസ് ആരോപിക്കുന്നു. അംഗങ്ങളായ മീരാൻ ഹൈദറിനേയും സഫൂറ സർഗാറിനേയും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ യുഎപിഎ കൂടി ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്.
കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ സമൂഹമാധ്യമങ്ങളിലെ സന്ദേശം അടക്കം ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായവരും കലാപത്തിൽ നേരിട്ട് പങ്കെടുത്തുവരും തമ്മിൽ ആശയവിനിമയം നടന്നെന്ന് പൊലീസ് ആരോപിക്കുന്നു. പൗരത്വഭേദതഗതിക്കെതിരെയുള്ള സമരങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂടുതലായ എത്തിക്കാൻ പ്രദേശിക നേതാക്കൾക്ക് ഇവർ നിർദ്ദേശം നൽകിയെന്നും അറസ്റ്റിലായവർക്ക് പോപ്പുലർ ഫ്രണ്ടിൽ നിന്നും വലിയ തരത്തിലുള്ള സാന്പത്തിക സഹായം ലഭിച്ചെന്നും പൊലീസ് പറയുന്നു.
കൂടാതെ ഇവർ നടത്തിയ പ്രസംഗങ്ങൾ കലാപത്തിന് കാരണമായെന്നുമാണ് പൊലീസ് ഭാഷ്യം. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നാല് പേരെയാണ് ദില്ലി കലാപവുമായിബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ജാമിഅ കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയിരുന്നു. എന്നാൽ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്ര അടക്കമുള്ളവർക്കെതിരെ ഇതുവരെ ദില്ലി പൊലീസ് അന്വേഷണം നടത്താത്തത് വിമർശനങ്ങൾ വഴിവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam