
മുംബൈ: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മാവനും അമ്മായിയും അറസ്റ്റിൽ. മുംബൈ പൊലീസ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പൻവേലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മാവനും അമ്മായിയും ഉൾപ്പെടെ അഞ്ച് പേരെ വക്കോല പൊലീസ് അറസ്റ്റ് ചെയ്തു.
സാന്താക്രൂസ് ഈസ്റ്റിലെ വക്കോലയിൽ നിന്ന് അർദ്ധരാത്രിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മയുടെ സഹോദരനും ഭാര്യയും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇവർ കുട്ടിയെ 90,000 രൂപയ്ക്ക് ഒരാൾക്ക് കൈമാറി. എന്നാൽ വാങ്ങിയ ആൾ പിന്നീട് 1,80,000 രൂപയ്ക്ക് കുട്ടിയെ മറ്റൊരാൾക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.
പരാതി ലഭിച്ചതിനെ തുടർന്ന് വക്കോല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് കുട്ടിയെ പൻവേലിൽ നിന്ന് കണ്ടെത്തിയത്. നവംബർ 25ന് കുട്ടിയെ മുംബൈയിൽ തിരികെ കൊണ്ടുവന്നു. പൊലീസ് ഉദ്യോഗസ്ഥർ കുട്ടിക്ക് ചോക്ലേറ്റുകൾ നൽകി ആശ്വസിപ്പിച്ച ശേഷമാണ് അമ്മയെ ഏൽപ്പിച്ചത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.