
വാരണാസി: മൃതദേഹം സംസ്കരിക്കാന്‍ പണമില്ല. അമ്മയുടെ മൃതദേഹത്തിനൊപ്പം സഹോദരികൾ വീട്ടിൽ കഴിഞ്ഞത് ഒരു വർഷം. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. ബുധനാഴ്ചയാണ് അസ്വഭാവിക സംഭവങ്ങള്‍ നടന്നത്. വാരണാസിയിലെ ലങ്ക ഭാഗത്തുള്ള വീട്ടിലാണ് ഒരു വർഷം പഴക്കമുള്ള മൃതദേഹത്തിനൊപ്പം സഹോദരിമാർ താമസിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. 2022 ഡിസംബറിലാണ് യുവതികളുടെ അമ്മ മരിച്ചത്.
ഉഷ ത്രിപാഠി എന്ന 52കാരിയാണ് ദീർഘകാലമായുള്ള രോഗത്തിന് പിന്നാലെ മരിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് വർഷം മുന്‍പാണ് ഉഷയേയും മക്കളേയും ഭർത്താവ് ഉപേക്ഷിച്ചത്. ഉഷയുടെ മക്കളായ 27 കാരിയായ പല്ലവിയും 18 കാരിയായ വൈശ്വികുമാണ് പണമില്ലാത്തത് മൂലം മൃതദേഹം സംസ്കരിക്കാതെ മുറിയിൽ സൂക്ഷിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു തവണ പോലും യുവതികൾ മുറിക്ക് പുറത്ത് ഇറങ്ങാതെ വന്നത് പ്രദേശവാസികൾക്ക് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് അയൽവാസികൾ ഉഷയുടെ വീട്ടിലെത്തി പരിശോധിക്കുന്നത്.
അയൽവാസികൾ വിളിച്ചിട്ടും യുവതികൾ വാതിൽ തുറക്കാതെ വന്നതോടെ നാട്ടുകാർ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസെത്തിയാണ് കതക് പൊളിച്ച് അകത്ത് കടന്നത്. മുറിയിൽ നിലത്ത് കിടത്തിയ മൃതദേഹത്തിനൊപ്പമായിരുന്നു യുവതികളേയും കണ്ടെത്തിയത്. യുവതികളെ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം