
ദില്ലി : ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ വിമർശനം. ലോഗോയിൽ നിന്നും അശോക സ്തംഭം മാറ്റി, ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.
ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്. ലോഗോയുടെ നടുവിലായി കളർ ചിത്രത്തിലാണ് ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയത്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ എന്നതിനു പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഭാരത് എന്നും മാറ്റി.
ആരോഗ്യമേഖലയില്‍ നിന്നടക്കം വ്യാപക വിമർശനമാണ് ലോഗോ മാറ്റത്തിനെതിരെ ഉയരുന്നത്. ആരോഗ്യ രംഗത്തെ സുപ്രധാന തീരുമാനങ്ങള് എടുക്കുന്ന കമ്മീഷൻ മതേതരമായും പുരോഗമനപരമായും പ്രവർത്തിക്കണമെന്നാണ് ആവശ്യം. എന്നാൽ ധന്വന്തരിയുടെ ചിത്രം നേരത്തെ ഉണ്ടായിരുന്നതായും ഇത് കളർ ചിത്രമാക്കി മാറ്റിയതാണെന്നുമാണ് വിവാദത്തെ പിന്തുണക്കുന്നവരുടെ വാദം. ഇന്ത്യ എന്ന പേര് മാറ്റി 'ഭാരത്' എന്നാക്കണമെന്ന വാദം സജീവമായി നിലനിൽക്കെയാണ് കമ്മീഷൻ ലോഗോയിലെ പേരുമാറ്റം. എന്നാൽ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങില്‍ ചൊല്ലുന്ന 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ഇന്ത്യന്‍ പാരമ്പര്യം അനുശാസിക്കുന്ന തരത്തില്‍ 'മഹര്‍ഷി ചരക് ശപഥ്' നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശയും വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam