
ഭോപ്പാൽ: വീട്ടിൽ പ്രിന്‍ററും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കള്ളനോട്ടുകൾ അച്ചടിച്ച 21 വയസുകാരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വരുന്ന വ്യാജ നോട്ടുകളും അച്ചടി സാമഗ്രികളും ഒരു പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായയാൾ മുമ്പ് ഒരു പ്രിന്‍റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്നയാളാണ്. നവംബർ 14ന് കറുത്ത ഷർട്ട് ധരിച്ച ഒരു യുവാവ് നിസാമുദ്ദീൻ ഏരിയയിൽ കള്ളനോട്ടുകളുമായി കറങ്ങുന്നുണ്ടെന്നും അത് വിനിമയം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് സോൺ-2 അഡീഷണൽ ഡിസിപി ഗൗതം സോളങ്കി പറഞ്ഞു.
തുടര്‍ന്ന് പൊലീസ് കെണിയൊരുക്കി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭോപ്പാലിലെ കരോണ്ട് സ്വദേശിയായ വിവേക് യാദവ് ആണ് അറസ്റ്റിലായത്. യഥാർത്ഥ കറൻസിയോട് സാമ്യമുള്ള 23 വ്യാജ 500 രൂപ നോട്ടുകൾ പരിശോധനയിൽ കണ്ടെടുത്തു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, കള്ളനോട്ടുകൾ എങ്ങനെ നിർമ്മിക്കാം എന്നതിന്‍റെ നിരവധി വീഡിയോകൾ കണ്ടെത്തി. ഈ വീഡിയോകൾ ആവർത്തിച്ച് കണ്ടാണ് താൻ കള്ളനോട്ട് നിർമ്മാണത്തിന്‍റെ മുഴുവൻ പ്രക്രിയയും പഠിച്ചതെന്നും, ഓരോ നോട്ടിന്‍റെയും കൃത്യത ഉറപ്പാക്കാൻ പരിശോധിച്ച് നോക്കിയെന്നും വിവേക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു പ്രിന്‍റിംഗ് പ്രസ്സിലെ തന്‍റെ മുൻ പരിചയം കളർ കോമ്പിനേഷനുകളും കൃത്യമായ കട്ടിംഗും മനസിലാക്കാൻ സഹായിച്ചതായും ഇയാൾ സമ്മതിച്ചു. ഓൺലൈനിൽ നിന്ന് പ്രത്യേക പേപ്പർ ഓർഡർ ചെയ്യുകയും ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും പെൻസിൽ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇയാൾ കള്ളനോട്ട് നിർമ്മിച്ചത്.
തുടർന്ന് ഒരു ആർബിഐ സ്ട്രിപ്പ് മറ്റൊരു കടലാസിൽ ഒട്ടിക്കുകയും ഷീറ്റുകൾ ഒരുമിച്ച് ചേർക്കുകയും ചെയ്തു. ഡിസൈൻ പ്രിന്‍റ് ചെയ്ത ശേഷം, 500 രൂപ നോട്ടിന്‍റെ കൃത്യമായ വലുപ്പത്തിൽ പേപ്പർ മുറിച്ചെടുക്കുകയും നമ്പർ സീരീസും വാട്ടർമാർക്കും ചേർത്ത് വ്യാജ കറൻസി പൂർത്തിയാക്കുകയും ചെയ്തു. വിവേക് ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ വിനിമയം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നോട്ടുകൾ ഉണ്ടാക്കിയ ശേഷം, വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് വളരെ ദൂരെയുള്ള പ്രദേശങ്ങളിൽ പോയി വ്യാജ 500 രൂപ നോട്ടുകൾ ഉപയോഗിച്ച് ചെറിയ സാധനങ്ങൾ വാങ്ങുകയും ബാക്കി യഥാർത്ഥ കറൻസി ചില്ലറയായി വാങ്ങുകയും ചെയ്യുകയായിരുന്നു രീതി. ചോദ്യം ചെയ്യലിൽ, 5-6 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വിപണിയിൽ വിതരണം ചെയ്തതായി ഇയാൾ സമ്മതിച്ചു.
ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 2,25,500 രൂപയുടെ 428 വ്യാജ 500 രൂപ നോട്ടുകൾ പിടിച്ചെടുത്തു. കൂടാതെ ഒരു കമ്പ്യൂട്ടർ, പ്രിന്‍റർ, പഞ്ച് മെഷീൻ, നോട്ട് കട്ടിംഗ് ഡൈസ്, പശ, സ്ക്രീൻ പ്ലേറ്റുകൾ, കട്ടറുകൾ, പ്രത്യേക പേപ്പർ, പെൻസിലുകൾ, ഒരു സ്റ്റീൽ സ്കെയിൽ, ലൈറ്റ് ബോക്സ്, ഡോട്ട്-സ്റ്റെപ്പിംഗ് ഫോയിൽ എന്നിവയും പൊലീസ് പിടിച്ചെടുത്തു.