യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയുണ്ടെന്ന് കോൺഗ്രസ്

By Web TeamFirst Published May 2, 2019, 9:16 PM IST
Highlights

മൻമോഹൻ സിം​ഗിന്റെ ഭരണക്കാലത്ത് സൈന്യം നടത്തിയ മിന്നലാക്രമണങ്ങൾ പുറത്തറിയിക്കുന്നതിനായി അദ്ദേഹം ഒരിക്കലും വാർത്താ സമ്മേളനം വിളിച്ച് ചേർത്തിട്ടില്ല. ഇത് തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടാൻ ഒരിക്കലും കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്. ദില്ലിയിൽ വച്ച നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് വൻ വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയത്. സൈന്യം ആറ് മിന്നലാക്രമണങ്ങൾ നടത്തിയ തീയ്യതികളും അദ്ദേഹം ഹാജരാക്കി.

2008 ജൂൺ 19-ന് ജമ്മു കശമീരിലെ പൂഞ്ചിലെ ഭട്ടൽ മേഖലകളിലാണ് സൈന്യം ആദ്യമായി മിന്നലാക്രമണം നടത്തിയത്. 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് തീയ്യതികളിൽ ഖേലിലെ നീലം തടാകത്തിനടുത്ത് വച്ചാണ് രണ്ടാമത്തെ മിന്നലാക്രമണം നടത്തിയത്. 2013 ജനുവരി ആറിന് സവാൻ പത്ര ചെക്ക് പോസ്റ്റിൽ മൂന്നും ജൂലൈ 27, 28 തീയ്യതികളിൽ നാസിപൂരിൽ നാലും ആ​ഗസ്റ്റ് ആറിന് നീലം വാലിയിൽ അഞ്ചും മിന്നലാക്രമണങ്ങൾ നടത്തി. 2014 ജനുവരി 14-നാണ് ആറാമത്തെ മിന്നലാക്രമണം നടത്തിയതെന്നും ശുക്ല പറഞ്ഞു.

വാജ്പേയിയുടെ ഭരണകാലത്തും സൈന്യം രണ്ട് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2000 ജനുവരി 21-ന് നീലം നദിക്ക് സമീപത്ത് വച്ചും 2003 സെപ്തംബർ 18-ന് പൂഞ്ചിൽ വച്ചുമാണ് എൻഡിഎ സർക്കാരിന്റെ കാലത്ത് മിന്നലാക്രമണങ്ങൾ നടന്നത്. എന്നാൽ നരേന്ദ്ര മോദിയ്ക്ക് മുൻപ് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയോ മൻമോഹൻ സിം​ഗോ മിന്നലാക്രമണങ്ങള്‍ തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടില്ല.

മൻമോഹൻ സിം​ഗിന്റെ ഭരണക്കാലത്ത് സൈന്യം നടത്തിയ മിന്നലാക്രമണങ്ങൾ പുറത്തറിയിക്കുന്നതിനായി അദ്ദേഹം ഒരിക്കലും വാർത്താ സമ്മേളനം വിളിച്ച് ചേർത്തിട്ടില്ല. ഇത് തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടാൻ ഒരിക്കലും കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ശുക്ല പറഞ്ഞു. 
 

click me!