
ധൈര്യശാലികളായ, ഊർജ്ജസ്വലരായ യുവാക്കൾക്ക് മാത്രം പ്രാപ്യമെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളിലൊന്നാണ് മോട്ടോർസൈക്ലിംഗ്. എന്നാൽ പ്രായത്തെ വെല്ലുവിളിച്ച് തന്റെ ലക്ഷ്യ സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് പൂനെയിലെ റിട്ട. ലെഫ്റ്റനന്റ് കേണൽ സോഹൻ റോയ്. 77 വയസുകാരനാണ് ഇദ്ദേഹം. തന്റെ സ്വന്തം റോയൽ എൻഫീൽഡ് ക്ലാസിക് 500 ഓടിച്ച്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡായ ഉംലിംഗിലെത്തിയ ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൃഢനിശ്ചയം ആണ് കരുത്തായി കൂടെയുള്ളതെങ്കിൽ പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് സോഹൻ റോയ്.
2025 ഓഗസ്റ്റ് 20 ന് ആണ് ലെഫ്റ്റനന്റ് കേണൽ സോഹൻ റോയ് പൂനെയിൽ നിന്ന് തന്റെ യാത്ര ആരംഭിച്ചത്. 2025 ഓഗസ്റ്റ് 30 ഓടെ ലേയിൽ എത്തി. അസാധാരണമായി ഭൂപ്രകൃതി, മഴ, പൊടി, മണ്ണിടിച്ചിൽ, നെറ്റ്നവർക്ക് പോലുമില്ലാത്ത മേഖലകൾ എന്നിവയിലൂടെയെല്ലാം സഞ്ചരിച്ചാണ് അദ്ദേഹം 10 ദിവസത്തെ യാത്ര പൂർത്തിയാക്കിയത്. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് അദ്ദേഹം ലക്ഷ്യ സ്ഥാനത്തെത്തി. ജമ്മു, ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ, ന്യോമ, ഹാൻലെ തുടങ്ങിയ സ്ഥലങ്ങളിലൂടെയെല്ലാം ലെഫ്റ്റനന്റ് കേണൽ സോഹൻ റോയ് സഞ്ചരിച്ചാണ് ലേയിലെത്തിയത്.രാജ്യം കാത്ത രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹം കാർഗിൽ യുദ്ധ സ്മാരകത്തിലും ബാഡ്ഗാം യുദ്ധ സ്മാരകത്തിലും സന്ദർശനം നടത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ തന്റെ യാത്രയുടെ ചിത്രങ്ങളും ലഫ്റ്റനന്റ് കേണൽ സോഹൻ റോയ് പങ്കുവെച്ചു. നോർബു ലാ ടോപ്പ് വഴി ഉംലിംഗ് ലായിൽ എതതി. വളരെക്കാലമായി കാത്തിരുന്നതാണിത്. നിങ്ങളുടെ പിന്തുണയ്ക്കും പ്രചോദനത്തിനും എല്ലാവർക്കും നന്ദി എന്നാണ് അദ്ദേഹം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 25 വയസ്സുള്ള പൂർണ ആരോഗ്യവാനായ ഒരാൾക്കു പോലും ഈ യാത്ര വലിയ ചലഞ്ച് ആണ്. ഫുട്ബോൾ കളിക്കാരനും, ബോക്സറും, മാരത്തൺ ഓട്ടക്കാരനുമായിരുന്ന ലെഫ്റ്റനന്റ് കേണൽ സോഹൻ റോയുടെ ശരീരത്തിലോടുന്നത് കായിക രക്തമാണ്. 30 വർഷത്തെ തന്റെ സൈനിക ജീവിതത്തിൽ, ജമ്മു കശ്മീരിലും, എൽഒസിയിലുമടക്കം അദ്ദേഹം രാജ്യത്തിന് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ, ഖാർദുങ് ലയിലെത്തിയ ഏറ്റവും പ്രായം കൂടിയ റൈഡർ എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡിലും, കിഴക്ക്-പടിഞ്ഞാറ് സോളോ റൈഡിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.