ബെംഗളൂരുവിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി എണ്‍പത് ചാർജ്ജിം​ഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

By Web TeamFirst Published Feb 6, 2020, 10:24 PM IST
Highlights

നിലവിൽ 16 മണിക്കൂർ വരെ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്നും ആവശ്യമെങ്കിൽ പിന്നീട് കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനയ്ക്ക് ആനുപാതികമായി ചാർജ്ജിം​ഗ് സ്റ്റേഷനുകളില്ലെന്നതിനാൽ ബെംഗളൂരു നഗരത്തിൽ പുതിയ ഇവി ചാർജ്ജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപൈ്ല കമ്പനി). അടുത്തയാഴ്ചയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്‍പതോളം ഇവി (ഇലക്ട്രിക് വെഹിക്കിൾ) ചാർജ്ജിം​ഗ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.

നിലവിൽ ബിബിഎംപി, ബിഡിഎ, ആർടിഓ തുടങ്ങിയ സർക്കാർ അധീന കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും സമീപത്താണ് സ്റ്റേഷനുകൾ. എണ്‍പത് ഇവി ചാർജ്ജിം​ഗ് സ്റ്റേഷനുകളിലായി 126 ചാർജ്ജിം​ഗ് പോയിന്റുകളുണ്ടാവും. ഒരു യൂണിറ്റിന് 8 രൂപ തോതിലാണ് തുക ഈടാക്കുക. ഉപയോക്താക്കൾക്ക് നേരിട്ട്  വാഹനം ചാർജ്ജ് ചെയ്യാവുന്ന തരത്തിലാണ് സ്റ്റേഷനുകളുടെ പ്രവർത്തനം. ഓൺലൈൻ വാലറ്റുകൾ വഴി പണമടയ്ക്കുകയും ചെയ്യാം.

നിലവിൽ 16 മണിക്കൂർ വരെ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്നും ആവശ്യമെങ്കിൽ പിന്നീട് കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. സ്റ്റേഷനുകളുടെ വികസനത്തിനായി ഗതാഗതവകുപ്പ് അനുവദിച്ച 4 കോടി രൂപ ഇതിനകം കൈപ്പറ്റിയെന്നും ദേശീയപാതകൾക്ക് സമീപത്തായി ഇവി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാരിന് നിർദ്ദേശം സമർപ്പിക്കുമെന്നും ബെസ്കോമിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നിലവിൽ വിവിധ കമ്പനികളുടെ ഫാസ്റ്റ് ചാർജ്ജിം​ഗ് സ്റ്റേഷനുകളാണ് ഇലകട്രോണിക് വാഹന ഉപയോക്താക്കൾക്ക് ആശ്രയം. ഇവ വിരലിലെണ്ണാവുന്നവയെ ഉള്ളൂ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഇവി ചാർജ്ജിം​ഗ് സ്റ്റേഷനുകൾ വരുന്നതോടെ വാഹനങ്ങൾ ചാർജ്ജ് ചെയ്യുക എന്നത് എളുപ്പമാവും. കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിൽ 7,000 ത്തോളം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങിയെന്നാണ് കണക്ക്. ഇതിൽ കൂടുതലും ഇരു ചക്രവാഹനങ്ങളാണ്. കൂടുതൽ ഇവി ചാർജ്ജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രോണിക് വാഹന വിപണിയിലും അനുകൂലമാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. 
 

click me!