ഉടമസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഓൺലൈനിൽ വാടക വീട് അന്വേഷിച്ച യുവതിക്ക് നഷ്ടമായത് 20,000 രൂപ

By Web TeamFirst Published Feb 6, 2020, 10:05 PM IST
Highlights

ബ്രോക്കർമാരാണ് ഇത്തരത്തിൽ വീടുടമസ്ഥർ ചമഞ്ഞ് ആളുകളെ കബളിപ്പിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

ബെംഗളൂരു: വാടക വീട് അന്വേഷണത്തിനിടെ തട്ടിപ്പിനിരയായതായി യുവതിയുടെ പരാതി. ബെംഗളൂരു ഡൊംല്ലൂരിൽ താമസിക്കുന്ന പ്രിയങ്ക സിം​ഗാണ് തട്ടിപ്പിനിരയായത്. തനിക്ക് 20,000 രൂപ നഷ്ടപ്പെട്ടതായി വൈറ്റ്ഫീൽഡ് പൊലീസിലാണ് പ്രിയങ്ക പരാതി നൽകിയത്. 

ഓൺലൈൻ സൈറ്റിൽ വൈറ്റ്ഫീൽഡ് ഭാഗത്ത് വാടകയ്ക്ക് വീട് തിരയുന്നതിനിടെയാണ് വീടിന്റെ ഉടമസ്ഥനെന്നു പരിചയപ്പെടുത്തി സൂരജ് എന്നയാൾ പ്രിയങ്കയെ വിളിച്ചത്. ഓൺലൈൻ സൈറ്റിൽ നിന്നാണ് പ്രിയങ്കയുടെ നമ്പർ ലഭിച്ചതെന്നും ഇയാൾ പറഞ്ഞു. പിന്നാലെ ഇയാൾ യുവതിക്ക് വീടിന്റെ അഡ്രസ് നൽകി. തുടർന്ന് വീട് സന്ദർശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതതായി സൂരജിനെ അറിയിക്കുകയായിരുന്നു പ്രിയങ്ക.

വീട് വാങ്ങുന്നതിന്റെ ഭാ​ഗമായി അഡ്വാൻസായി 20,000 രൂപ നൽകാൻ സൂരജ് ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 10,000 നൽകണമെന്നും അറിയിച്ചു.  ഓൺലൈൻ ആയി അപ്പോൾ തന്നെ പ്രിയങ്ക പണമയക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് താമസം മാറുകയാണെന്നറിയിച്ചപ്പോൾ ശേഷിച്ച 10,000 രൂപ കൂടി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം അയച്ച് വൈകിട്ട് ഇയാളെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നുവെന്ന് പ്രിയങ്കയുടെ പരാതിയിൽ പറയുന്നു.

പിന്നീടുള്ള ദിവസങ്ങളിലും ഫോൺ വിളിച്ചെങ്കിലും ഓഫായതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ,   സ്റ്റേഷനിലെത്തിയപ്പോൾ ഇതേ വീടിന് ഇയാൾ മറ്റൊരാളിൽ നിന്ന് 50,000 രൂപ വാങ്ങിയതായി പൊലീസ് അറിയിക്കുകയായിരുന്നു. ആ പരാതിക്കാരും സ്റ്റേഷനിലുണ്ടായിരുന്നു. 

ഇത്തരത്തിൽ അഞ്ചു പരാതികൾ ഇയാൾക്കെതിരെ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബ്രോക്കർമാരാണ് ഇത്തരത്തിൽ വീടുടമസ്ഥർ ചമഞ്ഞ് ആളുകളെ കബളിപ്പിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 
 

click me!