
ഭുവനേശ്വർ : കാൽ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ മരണം 275 ആയി. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം.
ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായത് വലിയ ദുരന്തമെന്ന് വ്യക്തമാകുന്നതിന് മുമ്പ് പരിക്കേറ്റ ആയിരത്തിലേറെ പേരെ ആദ്യം എത്തിച്ചത് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ബാലസോർ ജില്ലാ ആശുപത്രിയിലായിരുന്നു. പരിക്കേറ്റവരും ഉറ്റവരെ തേടി വന്നവരും നിറഞ്ഞ ആശുപത്രിയിൽ ഇപ്പോഴും സങ്കടകാഴ്ചകളാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ബാലസോറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.
ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്. ട്രെയിനിന്‍റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്‍റ് ഓപ്പറേഷന്‍, ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ്. പോയിന്‍റ് ഓപ്പറേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റയില്‍വേ മന്ത്രിയും വിരല്‍ ചൂണ്ടുന്നത്. അതേ സമയം, പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി.
ഒഡിഷ ദുരന്തം: ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി, ട്രെയിൻ നീങ്ങിയത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷം
ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് ഇരുനൂറിലേറെ പേരുടെ ദാരുണാന്ത്യത്തിലേക്കും ആയിരക്കണക്കിന് പേരുടെ പരിക്കിനും കാരണമായിത്തീര്‍ന്ന അപകടത്തിലേക്ക് നയിച്ചത്. കോറമണ്ഡൽ എക്സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാൻ ഗ്രീൻ സിഗ്നൽ നൽകിയ ശേഷം അത് പൊടുന്നനെ പിൻവലിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ പ്രധാന റെയിൽവേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്നു. എന്നാൽ ലൂപ്പ് ട്രാക്കിൽ ചരക്ക് വണ്ടി നിർത്തിയിട്ടിരുന്നു. ഇതിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ചരക്ക് തീവണ്ടിയുമായുള്ള ഇടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 21 ബോഗികൾ പാളംതെറ്റി മറിഞ്ഞു. എൻജിൻ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാർക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam