Asianet News MalayalamAsianet News Malayalam

ഒഡിഷ ദുരന്തം: ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി, ട്രെയിൻ നീങ്ങിയത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷം

ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാർഗനിർദ്ദേശങ്ങൾ പലിച്ചാണ് മുന്നോട്ട് പോയതെന്നും റെയിൽവേയെ ലോക്കോ പൈലറ്റ് അറിയിച്ചു.

odisha train accident coromandel express loco pilot statement apn
Author
First Published Jun 4, 2023, 3:25 PM IST

ദില്ലി : ഒഡിഷയിൽ അപകടത്തിൽപ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി. പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാർഗനിർദ്ദേശങ്ങൾ പലിച്ചാണ് മുന്നോട്ട് പോയതെന്നും റെയിൽവേയെ ലോക്കോ പൈലറ്റ് അറിയിച്ചു.

അതേ സമയം, ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്. ട്രെയിനിന്‍റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്‍റ് ഓപ്പറേഷന്‍, ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ്. പോയിന്‍റ് ഓപ്പറേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റയില്‍വേ മന്ത്രിയും വിരല്‍ ചൂണ്ടുന്നത്. ട്രെയിനിന്‍റെ ദിശ നിര്‍ണ്ണയിക്കുന്ന പോയിന്‍റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറമണ്ഡല്‍ എക്സ്പ്രസ് മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാന്‍ കാരണമായത്. 130 കിലോമീറ്റര്‍ സ്പീഡില്‍ മെയിന്‍ ലൈനിലൂടെ മുന്നോട്ട് പോകേണ്ട ട്രെയിന്‍ ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്സ് ട്രെയിനെ ഇടിച്ചാണ് വന്‍ ദുരന്തമുണ്ടായത്. 

അപ്പോള്‍ പോയിന്‍റ് നിര്‍ണ്ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് വ്യക്തമാണ്. റയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുന്‍പുള്ള ഡിസ്റ്റന്‍സ് സിഗ്നലും, സ്റ്റേഷനിലേക്ക് കയറും മുന്‍പുള്ള ഹോം സിഗ്നലും പച്ചകത്തി കിടന്നതിനാല്‍ മുന്‍പോട്ട് പോകുന്നതില്‍ ലോക്കോ പൈലറ്റിന് ആശയക്കുഴപ്പവുമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തിടെ ട്രാക്കില്‍ നടത്തിയ അറ്റകുറ്റപണി പോയിന്‍റ് ഓപ്പറേഷനില്‍ തിരിച്ചടിയായോയെന്നും പരിശോധിക്കും. സിഗ്നല്‍ ആന്‍റ് കമ്യൂണിക്കേഷന്‍ വിഭാഗവും, സ്റ്റേഷന്‍ മാസ്റ്ററുമാണ് പോയിന്‍റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്. റയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

കാൽ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ മരണം 275 ആയി. പരിക്കേറ്റ ആയിരത്തിലേറെ ആളുകളിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios