
ബീഹാർ: ബീഹാർ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഭാര്യ റാബ്രിദേവിയ്ക്കെതിരെ ഗുരുതര ഗാർഹിക പീഡനപരാതിയുമായി മരുമകൾ ഐശ്വര്യ റായ്. മുടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന് ഐശ്വര്യ വെളിപ്പെടുത്തുന്നു. ലാലുപ്രസാദ് യാദവിന്റെയും റാബ്രിദേവിയുടെയും മകനായ തേജ്പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ റായ്. തന്നെ ഇവർ ബംഗ്ലാവിൽ നിന്ന് ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.
‘റാബ്‌റി ദേവി എന്റെ മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടിലെ ബോഡിഗാര്‍ഡുമാര്‍ ബലംപ്രയോഗിച്ച് പുറത്താക്കിയത്’, ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവരുടെ പിതാവും എംഎല്‍എയുമായ ചന്ദ്രിക റായ് മുന്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഉടനടി എത്തിയിരുന്നു. റാബ്‌റി ദേവിക്ക് എതിരെ പോലീസില്‍ പരാതി നല്‍കുകയും ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എസ്പി ഗരിമ മാലികിനെ റായ് വിവരങ്ങള്‍ ബോധിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് ഉദ്യോഗസ്ഥർ ലാലുപ്രസാദ് യാദവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡിഎസ്പി വ്യക്തമാക്കി. അവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2018 നവംബറില്‍ തേജ് പ്രതാപ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയാണ് റാബ്‌റി ദേവി മര്‍ദ്ദിച്ചതായി പരാതിപ്പെട്ട് ഐശ്വര്യ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. തന്റെ പിതാവായ ചന്ദ്രിക റായിയെ സംബന്ധിച്ച അശ്ലീല പോസ്റ്ററുകളെക്കുറിച്ച് അമ്മായിഅമ്മയായ റാബ്രിദേവിയോട് ചോദിച്ചത് മൂലമാണ് തനിക്കെതിരെയുള്ള പീഡനങ്ങൾ ആരംഭിച്ചതെന്ന് ഐശ്വര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
''ഇത് അവരെ പ്രകോപിപ്പിച്ചു. അവരെന്റെ മുടിയിൽ പിടിച്ച് ശക്തിയായി വലിച്ചു. എനിക്ക് വളരെയധികം വേദിനിച്ചു, പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് എന്നെ ബലമായി തള്ളിപുറത്താക്കി. മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചുമകളാണ് ഞാൻ. എന്നെ എങ്ങനെയാണ് ഇവർ പരിഗണിക്കുന്നത് അറിയണം.'' ഐശ്വര്യയുടെ വാക്കുകൾ. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ എതിരാളികളുടെ ശ്രദ്ധതിരിക്കല്‍ തന്ത്രമാണെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവിന്റെ വാദം.
കഴിഞ്ഞ വർഷം തേജ്പ്രതാപ് യാദവിന്റെ സഹോദരി മിസ ഭാരതിയും റാബ്രി ദേവിയും തന്നെ ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടതായി ഐശ്വര്യ റായ് ആരോപിച്ചിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കാതായതോടെ തന്‍റെ പിതാവിന്‍റെ വീട്ടില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചിരുന്നതെന്നും ഇവർ വ്യക്തമാക്കിയിരുന്നു. തന്റെ മകൾക്ക് അവളുടെ ബന്ധുക്കളിൽ നിന്ന് സഹിക്കേണ്ടി വരുന്ന പീഡനങ്ങളിൽ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നും എന്നാൽ ഇത്തവണ പരാതി നൽകുമെന്നും ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam