
ദില്ലി: 'ഇത്രകാലം എന്‍റെ മക്കള്‍ക്ക് പരിപാലിച്ചത് ഈ തൊഴില്‍ ചെയ്താണ് ഇനിയും അത് തുടരും. ഭയപ്പെട്ട് പിന്മാറുകയില്ല'. ബിരിയാണി വിറ്റതിന് മര്‍ദ്ദനമേറ്റ ദലിത് യുവാവിന്‍റേതാണ് വാക്കുകള്‍. കഴിഞ്ഞ ദിവസമാണ് ഒരുസംഘം ആളുകള്‍ ലോകേഷ് ജാദവിനെ ബിരിയാണി വിറ്റതിന് ക്രൂരമായി കയ്യേറ്റം ചെയ്തത്. വെജിറ്റബിള്‍ ബിരിയാണി കച്ചവടം ചെയ്താണ് ലോകേഷ് ഇത്രകാലം കുടുംബം നോക്കിയിരുന്നത്.
ഡിസംബര്‍ 13ാം തിയതി മുഹമ്മദ് ഖേര ഗ്രാമത്തില്‍ ബിരിയാണി വിറ്റ് മടങ്ങുന്നതിനിടയിലാണ് മുപ്പത്തിയഞ്ചുകാരനായ ലോകേഷിനെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ലോകേഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇവരില്‍ ഒരാള്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
അവര്‍ ശ്രമിച്ചത് ഒരു താഴ്ന്ന ജാതിക്കാരനെ എങ്ങനെ കയ്യേറ്റം ചെയ്യണമന്ന് കാണിക്കാനായിരുന്നുവെന്നാണ് ലോകേഷ് പറയുന്നു. കൈകള്‍ മടക്കി ക്ഷമ യാചിക്കാനും അക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകേഷിനെ അക്രമിച്ച യുവാക്കളെ കുടുംബം തള്ളിപ്പറഞ്ഞിരുന്നു. മദ്യപിച്ച് സുഹൃത്തുക്കളോടൊപ്പം തോന്നിയത് പോലെ നടക്കുകയല്ലല്ലോ ആ യുവാവ് ചെയ്തത്. ബിരിയാണി വിറ്റ് കുടുംബത്തെ പാലിക്കുകയല്ലേ ചെയ്തതെന്നാണ് അക്രമികളിലൊരാളുടെ മാതാവ് സംഭവത്തേക്കുറിച്ച് പ്രചരിച്ചത്.
താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവ് ബിരിയാണി വില്‍ക്കാന്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ രബുപുര പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരായിരുന്നു ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam